കൊച്ചി- ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളെ റാങ്ക് ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്) 2023 ദേശീയ റാങ്കിംങ്ങിന്റെ എട്ടാം പതിപ്പില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് 37-ാം റാങ്ക്. 41-ാം റാങ്കില്‍ നിന്നാണ് കുസാറ്റ് 37ലെത്തിയത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതിന് 2015ലാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം എന്‍. ഐ. ആര്‍്. എഫ് സമ്പ്രദായം കൊണ്ടുവന്നത്. അധ്യാപനം, പഠനവും വിഭവങ്ങളും, ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും, ബിരുദ ഫലങ്ങള്‍, വീക്ഷണം എന്നിങ്ങനെ അഞ്ച് പൊതുഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്ക് നിര്‍ണ്ണയിക്കുന്നത്. ഈ വര്‍ഷത്തെ റാങ്കിംഗില്‍ 8686 സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
ലോകമെമ്പാടുമുള്ള പ്രമുഖ വ്യവസായങ്ങളുമായും മികച്ച സര്‍വകലാശാലകളുമായും സജീവസഹകരണം ഉള്ള കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്ലെയ്സ്മെന്റ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം മാത്രം ഉയര്‍ന്ന ശമ്പളത്തോടെ 1100-ലധികം പ്ലെയ്സ്മെന്റുകളാണ് നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍കുബേറ്റ് ചെയ്ത സജീവമായ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കുസാറ്റിനുണ്ട്. അടുത്തിടെ കുസാറ്റിന് നാക് റീ അക്രഡിറ്റേഷനില്‍ എ പ്ലസ് ലഭിച്ചിരുന്നു.