ന്യൂദല്‍ഹി- മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും എ. എ. പി നേതാവുമായ മനീഷ് സിസോദിയയ്ക്ക് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ആരോപണം അതീവ ഗൗരവതരമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചആമ് കോടതി ജാമ്യം നല്‍കാതിരുന്നത്.
ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ പരിചരിക്കാന്‍ ആറാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു സിസോദിയയുടെ ആവശ്യം. എന്നാല്‍, ഭാര്യ സീമയുടെ സൗകര്യം കൂടി പരിഗണിച്ച് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ ഒരു ദിവസം സിസോദിയയ്ക്ക് കാണാമെന്നു ജസ്റ്റിസ് ദിനേശ് കുമാര്‍ പറഞ്ഞു.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി സിസോദിയയുടെ ഭാര്യയെ പ്രവേശിപ്പിച്ചിരിക്കുന്ന എല്‍. എന്‍. ജെ. പി. ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. സീമ സിസോദിയയുടെ നില മോശമാണെങ്കിലും അതീവ ഗുരുതരാവസ്ഥയില്ലെന്നു റിപ്പോര്‍ട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
മാധ്യമങ്ങളോടു സംസാരിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെ ഉപാധികളോടെയാണു ഭാര്യയെ കാണാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26നാണു സിസോദിയയെ മദ്യനയ അഴിമതിക്കേസില്‍ സി. ബി. ഐ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.