മുംബൈ- അണക്കെട്ടില്‍ മൂത്രമൊഴിക്കുന്നതിനേക്കാള്‍ നല്ലത് തുപ്പലാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. വാര്‍ത്താ സമ്മേളനത്തിനിടെ റാവത്ത് തുപ്പിയതിനെ കുറിച്ച് നേരത്തെ പ്രതികരിച്ച എന്‍സിപി നേതാവ് അജിത് പവാറിനാണ് അദ്ദേഹത്തിന്റെ മറുപടി. സംസാരിക്കുന്നതിനിടെ തുപ്പുന്ന പ്രവൃത്തി മഹാരാഷ്ട്രയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് അജിത് പവാര്‍ പറഞ്ഞിരുന്നു.
ഡാമില്‍ മൂത്രമൊഴിക്കുന്നതിനെ കുറിച്ച് റാവത്ത് 2013 ല്‍ നടത്തിയ പരാമര്‍ശം ഏറ്റുപിടിച്ചാണ് റാവത്ത് ഇപ്പോള്‍ അദ്ദേഹത്തിനു മറുപടി നല്‍കിയത്.
ഏതായാലും മൂത്രമൊഴിക്കലും തുപ്പലും മഹരാഷ്ട്രയിലെ പ്രതിപക്ഷ അഘാഡി സഖ്യത്തിലെ പിളര്‍പ്പ് വീണ്ടും പരസ്യപ്പെടുത്തിയിരിക്കയാണ്. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയും എന്‍.സി.പി നേതാവ് അജിത് പവാറും തമ്മിലുള്ള പോരാട്ടമാണ് കൂടുതല്‍ ശക്തമാകുന്നത്.
സഞ്ജയ് റാവത്തും അജിത് പവാറും തമ്മില്‍ വാക്‌പോര് പുതിയ സംഭവമല്ല. പല്ലിന് പ്രശ്‌നമുള്ളതിനാല്‍ തുപ്പുന്നത് ആകസ്മികമാണെന്നും മനഃപൂര്‍വമല്ലെന്നും സഞ്ജയ് റാവത്ത് ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു തുപ്പല്‍ മഹാരാഷ്ട്രയുടെ സംസ്‌കാരമല്ലെന്നും സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് അജിത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.