ജിദ്ദ-കേരള പൗരാവലി ജിദ്ദയില്‍ സംഘടിപ്പിച്ച പ്രതിനിധി സഭാ സംഗമം ശ്രദ്ധേയമായി. പ്രതിനിധി സഭയില്‍ കേരളത്തിലെ 14 ജില്ലകളില്‍നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
ജിദ്ദയിലെ ജില്ലാ കൂട്ടായ്കളുടെ ഭാരവാഹികളും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുമാണ് പ്രതിനിധി സഭയുടെ ഭാഗമായി മാറിയത്
ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും സേവനമര്‍പ്പിച്ചിരുന്നു സീക്കോ ഹംസയുടെ നിര്യാണത്തില്‍ സഭ അനുശോചിച്ചു. പൗരാവലി എക്‌സിക്യൂട്ടീവ് അംഗം ഹിഫ്‌സുറഹ്മാന്‍ അനുശോചന സന്ദേശം വായിച്ചു
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിവിധ തരം വിസകളില്‍ പുതിയതായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കാര്യക്ഷമമായി ഇടപെടണമെന്ന് ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സൗദ്യയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പല ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കൂടുതല്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് അഥവാ വി എഫ് എസ് കേന്ദ്രങ്ങള്‍ അനുവദിക്കാനും കൂടുതല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ സ്ഥാപിക്കാനും കേരള മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും പ്രതിനിധി സഭയോഗം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം അഹമ്മദ് ഷാനി പ്രമേയം അവതരിപ്പിച്ചു.
ജിദ്ദ പൗരാവലിയുടെ ലക്ഷ്യവും നയവും ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി വിശദീകരിച്ചു. ജിദ്ദ കേരള പൗരാവലി 'തുടക്കം മുതല്‍ ഇതുവരെ' എന്ന വിഷയം അസീസ് പട്ടാമ്പി അവതരിപ്പിച്ചു. പ്രതിനിധി സഭയില്‍ 14 ജില്ലകളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രത്യേകമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വിവിധ പ്രതിനിധികള്‍ സദസ്സുമായി പങ്കുവെച്ചു. റാഫി ബീമാപള്ളി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. പൗരാവലി ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത് പ്രോഗ്രാം കണ്‍വീനറായിരുന്നു.