കൊല്ലം - കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സി.ഐ കെ വിനോദ്, എസ്.ഐ എ.പി അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മര്‍ദിച്ചതിന് ഏഴ് മാസം മുന്‍പാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണമേഖല ഐ.ജി ജി സ്പര്‍ജന്‍ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.
എം.ഡി.എം.എ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എ.എസ്.ഐയെ ആക്രമിക്കുന്നെന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മര്‍ദനം വിവാദമായതോടെയാണ് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 25 ന് പിടികൂടിയ എം.ഡി.എം.എ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് വിഷ്ണു, വിഘ്‌നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പോലീസ് പറഞ്ഞ കഥ. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതികളെ ജാമ്യത്തിലിറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠന്‍ വിഘ്‌നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എം.ഡി.എം.എ കേസില്‍ ജാമ്യം നില്‍ക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്‌നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം.