Sorry, you need to enable JavaScript to visit this website.

ബിഹാര്‍ പാലം തകര്‍ന്ന സംഭവത്തില്‍ അവിശ്വസനീയ വിശദീകരണം

പട്‌ന- ബിഹാറിലെ ഭഗല്‍പുരില്‍ ഗംഗാനദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതരപിഴവുകള്‍ വിദഗ്ധര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം തകര്‍ത്തതാണെന്ന് അദ്ദേഹ വ്യക്തമാക്കി. ഞായറാഴ്ചയാണ് അഗുവാനി സുല്‍ത്താന്‍ഗഞ്ജ് പാലം തകര്‍ന്നുവീണത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പാലത്തിന്റെ രൂപകല്‍പനയില്‍ സാരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയെന്നും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകര്‍ത്തിരുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. 2022ല്‍ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോഡ് നിര്‍മാണവകുപ്പ് സെക്രട്ടറി പ്രത്യായ് അമൃതും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
കഴിഞ്ഞകൊല്ലം ഏപ്രില്‍ 30നാണ് പാലത്തിന്റെ ഭാഗം അടര്‍ന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താന്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. വിദഗ്ധാഭിപ്രായം തേടി റൂര്‍ക്കി ഐഐടിയെ സമീപിക്കുകയും അവരതില്‍ പഠനം നടത്തുകയും ചെയ്ത. അന്തിമറിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ലെങ്കിലും ഗുരുതര പാകപ്പിഴവുകള്‍ വിദഗ്ധസംഘം ചൂണ്ടിക്കാട്ടിയിരുന്നതായി തേജസ്വി കൂട്ടിച്ചേര്‍ത്തു.
1,710 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചിലവ്. ഖഗാരിയയെ ഭഗല്‍പുരുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷകക്ഷിയായ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി രാജി വെക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 

Latest News