അബുദാബി- ബലി പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇ നിവാസികള്‍ക്ക് ആറ് ദിവസത്തെ അവധി. സ്‌കൂള്‍ അവധിക്കാലവും ഇതോടൊപ്പം ചേര്‍ന്ന് വരുന്നതിനാല്‍ മലയാളി കുടുംബങ്ങള്‍ക്ക് ഇത്തവണ പെരുന്നാള്‍ നാട്ടിലാക്കാം.
ഇക്കൊല്ലം വിമാനയാത്രക്ക് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടേക്കുമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിമാനയാത്ര നിരക്കുകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലാണ്.
ഈദ് അവധി ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയാണ്. ശനി, ഞായര്‍ വാരാന്ത്യം കൂടിയാകുമ്പോള്‍ ആറ് ദിവസം അവധി ലഭിക്കും.
ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ ഡോട്ട് കോമിന്റെ കണക്കനുസരിച്ച്, ഗ്രൂപ്പ് ടൂറുകള്‍ക്കും അവധിക്കാല പാക്കേജുകള്‍ക്കുമുള്ള ആവശ്യം ഈദ് അല്‍ ഫിത്തറിനെ അപേക്ഷിച്ച് 47 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈദുല്‍ അദ്ഹയേക്കാള്‍ ഇത്തവണ 37 ശതമാനം ഡിമാന്റ് കൂടുതലാണ്.