കോയമ്പത്തൂര്‍- ജന്മദിന ആശംസകള്‍ അറിയിക്കാന്‍ അര്‍ധരാത്രി കാമുകിയുടെ വീട്ടില്‍ എത്തിയ 21 കാരനായ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധു കൊലപ്പെടുത്തി. കോയമ്പത്തൂരിനടുത്ത് ചെട്ടിപാളയത്താണ് സംഭവം. സുന്ദരപുരം ഗാന്ധിനഗര്‍ സ്വദേശി വി.പ്രശാന്ത് (21) ആണ് മരിച്ചത്.
ചെട്ടിപ്പാളയത്ത് മയിലാടുംപാറ സ്വദേശിയായ 18 കാരി പെണ്‍കുട്ടിയുമായി പ്രശാന്തിന് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധം വീട്ടുകാര്‍ക്കും അറിയാമായിരുന്നു, പെണ്‍കുട്ടി മാതാപിതാക്കളുടെ സമ്മതത്തോടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രശാന്തുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പെണ്‍കുട്ടിക്ക് പിതാവ് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നില്ല.
പ്രശാന്ത്, സുഹൃത്തുക്കളായ ധരണി പ്രശാന്ത്, ഗുണശേഖരന്‍, അഭിഷേക് എന്നിവര്‍ക്കൊപ്പം ഞായറാഴ്ച അര്‍ധരാത്രി ഇരുചക്രവാഹനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ജന്മദിനാശംസ നേര്‍ന്നു. മദ്യലഹരിയിലായിരുന്ന നാലുപേരും സ്‌കൂട്ടറിലാണ് എത്തിയത്.
പുലര്‍ച്ചെ 12.15ഓടെ വീട്ടിലെത്തിയ ഇവര്‍ മതില്‍ ചാടി കോമ്പൗണ്ടിലേക്ക് കടക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുവായ എം.വിഘ്‌നേഷും (29) വാതില്‍ തുറന്നു. പെണ്‍കുട്ടിയെ ആശംസ അറിയിക്കണമെന്ന് പ്രശാന്ത് പറഞ്ഞതോടെ അച്ഛനും വിഘ്‌നേഷും സമ്മതിച്ചില്ല. ഇത് വാക്കേറ്റത്തിന് കാരണമാകുകയും തുടര്‍ന്ന് വിഘ്‌നേഷ് പ്രശാന്തിനെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രശാന്തിനെ രക്ഷപ്പെടുത്തിയ സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സുന്ദരപുരത്തിന് സമീപം എത്തിയതോടെ സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നു. യുവാവിനെ പിന്നീട് ആംബുലന്‍സില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി വിഘ്‌നേഷിനെ ചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തു.