ന്യൂഡൽഹി - ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് യാദവിനെതിരായ സമരത്തിൽ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറിയെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രി സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങൾ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നത്. ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാക്ഷി മാലിക് നോർത്തേൺ റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചതായാണ് വിവരം.
താരങ്ങൾ അമിത് ഷായെ കണ്ടതിന് പിന്നാലെ അഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് സാക്ഷി മാലികിന്റെ ഭർത്താവ് സത്യവൃത് കാദിയാൻ പ്രതികരിച്ചിരുന്നു. സമരത്തിൽനിന്നുള്ള പിൻമാറ്റവുമായി ബന്ധപ്പെട്ട് സാക്ഷി മാലിക് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ, ബബിത ഫോഗട്ട് ഉൾപ്പടെയുള്ള മറ്റു ഗുസ്തി താരങ്ങൾ ഇപ്പോഴും സമരമുഖത്ത് തന്നെ തുടരുകയാണ്. സാക്ഷിയുടെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് തങ്ങൾക്ക് വ്യക്തത വന്നിട്ടില്ലെന്നാണ് സഹതാരങ്ങൾ പറയുന്നത്.
ഗുസ്തി താരങ്ങൾ പ്രതിഷേധം തുടങ്ങിയത് മുതൽ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ ലൈവാക്കി നിർത്താൻ മുന്നിൽനിന്ന താരമാണ് സാക്ഷി മാലിക്. ഒന്നും പറയാതെ സാക്ഷി സമരത്തിൽ നിന്ന് പിൻവാങ്ങിയെന്ന പ്രചാരണം എല്ലാവരിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. എങ്കിലും ലൈംഗിക പീഡനകനെ അറസ്റ്റുചെയ്യുംവരേ സമരം തുടരുമെന്ന നിലപാടിലാണ് മറ്റു താരങ്ങളെല്ലാം.
കഴിഞ്ഞദിവസം രാത്രി അമിത് ഷായുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാത്രി 11ന് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവൃത് കാർഡിയ എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. പ്രായപൂർത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ്ഭൂഷണിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മറുപടിയാണ് അഭ്യന്തര മന്ത്രി നൽകിയത്.
ബ്രിജ് ഭൂഷണെതിരായ സമരം ഒരുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഗുസ്തി താരങ്ങൾ തങ്ങൾക്കു ലഭിച്ച മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. സമരത്തിന് വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് സമരമുഖത്തെ പ്രധാനികളിൽ ഒരാളായ സാക്ഷിയുടെ പിൻമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.