ന്യൂദല്‍ഹി- മതവിദ്വേഷത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിയമ നടപടി നേരിടുന്ന ഇസ്ലാം പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ ബുധനാഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്ക് ഇതു തള്ളി. മലേഷ്യന്‍ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് നായിക്കിനെ ബുധനാഴ്ച രാത്രി ഇന്ത്യയിലേക്ക് തിരികെ അയക്കുന്നതായി പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരികെ പോകാന്‍ പദ്ധതിയില്ലെന്നും നായിക്ക് വ്യക്തമാക്കി.
'അനീതിപരമായ നിയമ നടപടികളില്‍ നിന്ന് സുരക്ഷ ലഭിക്കാതെ ഇന്ത്യയിലേക്ക് തിരികെ വരാന്‍ ഇപ്പോള്‍ പദ്ധതിയില്ല. സര്‍ക്കാര്‍ നീതിപൂര്‍വമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമായാല്‍ തീര്‍ച്ചയായും എന്റെ നാട്ടിലേക്ക് തിരിച്ചു പോകും,' നായിക്ക് പറഞ്ഞു. നായിക്കിനെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നുവെന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദത്തോ ശഹറുദ്ദീന്‍ അലിയും പറഞ്ഞു.
നായിക്ക് തിരിച്ചു വരുന്നതു സംബന്ധിച്ച് മലേഷ്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 2016ലെ ധാക്ക ഭീകരാക്രമണക്കേസ് പ്രതികള്‍ നായിക്കിന്റെ പ്രഭാഷണങ്ങളാല്‍ പ്രചോദിതരായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നായിക്കിനെതിരെ നടപടികള്‍ തുടങ്ങിയത്. ഇതോടെ 2016-ല്‍ തന്നെ നായിക്ക് ഇന്ത്യ വിട്ടു. മലേഷ്യയിലെ പുത്രജയയില്‍ കഴിയുന്ന നായിക്കിന് മലേഷ്യ സ്ഥിരതാമസാനുമതി നല്‍കിയിട്ടുണ്ട്.
നായിക്കിനെ കൈമാറാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മലേഷ്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാത്തതിനാല്‍ പിടികൂടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അന്താരാഷ്ട്ര അറസ്റ്റ് വാറന്റാണ് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. നായിക്കിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ നോട്ടീസ് ഇറക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. മലേഷ്യയിലെ മുന്‍ സര്‍ക്കാരാണ് നായിക്കിന് അഭയം നല്‍കിയത്. ഇതിനിടെ മേയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരുന്നു.