ഇടുക്കി- അടിമാലി മാമലകണ്ടം ഇളംബ്ലാശ്ശേരി ആദിവാസി കുടിയിലെ യുവതി ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചു. ഇളംബ്ലാശ്ശേരി കുടിയിലെ ലാലുവിന്റെ ഭാര്യ മാളു(25) ആണ് ആണ് കുട്ടിക്ക് ജന്മം നല്‍കിയത്. രക്തസമ്മര്‍ദം കൂടിയതോടെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് മാളുവിന് പ്രസവവേദന ഉണ്ടായത്. പിന്നാലെ വിദൂര പ്രദേശമായ ഇളംബ്ലാശ്ശേരികുടിയില് നിന്ന് ജീപ്പില്‍ മാളുവുമായി ഭര്‍ത്താവും ബന്ധുവും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. പതിനാലാംമൈലില്‍ നിന്നും സ്വകാര്യ ആംബുലന്‍സില്‍ കയറ്റി. ഇവിടെ നിന്ന് ആറ് കിലോമീറ്റര്‍ അകലെ ചാറ്റുപാറയില്‍ എത്തിയപ്പോള്‍ മാളു ആണ്‍കുഞ്ഞിന് ജന്മം നല്കി. ഈ സമയം ആംബുലന്‍സ് ഡ്രൈവറും ഭര്‍ത്താവും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അടിമാലി അല്‍ഷിഫ ആംബുലന്‍സിലെ ഡ്രൈവര്‍ സദ്ദാം പി. എയുടെ സമയോചിത ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മാളുവും കുഞ്ഞും ആദ്യഘട്ടത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീട് രക്തസമ്മര്‍ദം കുറയാതെ വന്നതോടെയാണ് കോട്ടയത്തിന് മാറ്റിയത്. മാളുവിന്റെ നാലാമത്തെ കുട്ടിയാണിത്.അടിമാലി ടൗണില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് ഇളംബ്ലാശ്ശേരി കുടി.