അനന്തപൂര്‍- മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നതിനും വൈറസുകള്‍ നീക്കം ചെയ്ത് സുരക്ഷിതമാക്കുന്നതിനും പോലീസിന്റെ വക സൗജന്യ ചെക്കപ്പ് ക്യാമ്പ്. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ പോലീസാണ് നഗരത്തിലെ ക്ലോക്ക് ടവര്‍ ജംഗ്ഷനില്‍ മൊബൈല്‍ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് നടത്തിയത്. സൈബര്‍ കവച് പ്രോഗ്രാമിന്റെ ഭാഗമായായാണ് സൗജന്യ സേവനം.
പോലീസ് ഉദ്യോഗസ്ഥര്‍ കോളേജുകള്‍ സന്ദര്‍ശിച്ച് കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും അനന്തപൂര്‍ പോലീസ് സൂപ്രണ്ട് കാഞ്ചി ശ്രീനിവാസ റാവു പറഞ്ഞു. കോളേജുകളിലും പൊതു സ്ഥലങ്ങളിലും ഒറ്റത്തവണ മൊബൈല്‍ ഫോണ്‍ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ സ്ഥിരം സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എസ്പി പറഞ്ഞു.
ഉപയോക്താവ് അറിയാതെ തന്നെ മൊബൈല്‍ ഫോണിലേക്ക് നുഴഞ്ഞുകയറുന്ന വൈറസ് ഉപയോക്താവിന്റെ രഹസ്യ ഡേറ്റ സൈബര്‍ കുറ്റവാളികളുടെ കൈകളില്‍ എത്തിക്കും. ഇത് നിരവധി തട്ടിപ്പുകള്‍ക്ക് കാരണമാകുന്നു. സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉപയോഗിച്ച് വൈറസ് കണ്ടെത്താനും നീക്കം ചെയ്യാനും കഴിയും. ഇതു വഴി മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് പടരുന്നത് തടയാനും കഴിയും.
എല്ലാ തിങ്കളാഴ്ചയും പരാതി പരിഹാര പരിപാടിയായ സ്പന്ദനയില്‍ വരുന്ന അപേക്ഷകരും സഹായികളും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.
മൊബൈല്‍ ഫോണുകള്‍ വൈറസ് രഹിതമാക്കാന്‍ നഗരത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നാല് കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. തങ്ങളുടെ ഫോണുകളില്‍ വൈറസ് ഉണ്ടോ എന്നറിയാന്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. വൈറസുകള്‍ നീക്കം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകളില്‍ ഇവരുടെ മൊബൈലുകള്‍ സ്‌കാന്‍ ചെയ്തു. ഒരേ മൊബൈല്‍ നമ്പര്‍ ഒന്നിലേറെ പേര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും ഇത്തരം അപാകതകള്‍ പരിഹരിച്ചുവെന്നു പോലീസ് പറഞ്ഞു.