ഭുവനേശ്വര്‍- ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശരിയായ അന്വേഷണം വേണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകടസ്ഥലം സന്ദര്‍ശിച്ച മമതാ ബാനര്‍ജി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
റെയില്‍വേ വകുപ്പില്‍ ഏകോപനത്തിന്റെ അഭാവമുണ്ടെന്ന് റെയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മമത പറഞ്ഞു. തീര്‍ച്ചയായും ചിലത് സംഭവിച്ചിട്ടുണ്ടെന്നും അതുകണ്ടെത്താന്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്നും അവര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അപകടത്തിനു കാരണം കൂട്ടിമുട്ടല്‍ തടയുന്നതിനുള്ള സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതാണെന്ന സംശയം അവര്‍ പ്രകടിപ്പിച്ചു. താന്‍ മൂന്ന് തവണ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വകീരിച്ചിരുന്നു. അത് ശരിയാംവണ്ണം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു. ദുരന്തത്തില്‍ മരിച്ച ധാരാളം പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്. തന്റെ സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഒഡീഷയിലെ ഉദ്യോഗസ്ഥരുമായി രക്ഷാദൗത്യം സുഗമമാക്കിയെന്നും അവര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച ബംഗാളില്‍നിന്നുള്ളവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു.
ബംഗാളില്‍നിന്ന് 70 ആംബുലന്‍സുകളും പത്ത് ബസുകളും 20 മിനി ട്രക്കുകളും ബാലസോറില്‍ എത്തിച്ചതിനു പുറമെ മെഡിക്കല്‍ സേവനങ്ങള്‍ക്കായി 34 ഡോക്ടര്‍മാരും എത്തിച്ചേര്‍ന്നു.