ന്യൂദല്‍ഹി- ദല്‍ഹി സംസ്്ഥാന ഭരണാധികാരത്തെ ചൊല്ലി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോരില്‍ നാടകീയ വഴിത്തിരിവ്. പ്രത്യേക സംസ്ഥാന പദവിയുളള ദല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വന്ത്രമായി തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വലിയ വിജയമായ കോടതി വിധിയിലെ സുപ്രധാന പോയിന്റുകള്‍:
- മന്ത്രിസഭ എല്ലാ തീരുമാനങ്ങളും ലഫ്റ്റനന്റ് ഗവര്‍ണറെ നിര്‍ബന്ധമായും അറിയിക്കണം. എന്നാല്‍ എല്ലാ കാര്യങ്ങളിലും ലഫ്. ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ലഫ്. ഗവര്‍ണറുടേതല്ല അവസാന വാക്കെന്ന് വ്യക്തമായി.
-ലെഫ്. ഗവര്‍ണര്‍ സര്‍ക്കാരിനു മുന്നില്‍ ഒരു പ്രതിബന്ധമായി പെരുമാറരുത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്യരുത്. ജനപ്രാതിനിധ്യമുള്ള സര്‍ക്കാരിനാണ് ഭരണഘടന പ്രാമുഖ്യം നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
- ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവ ഒഴികെ ബാക്കി ഒരു കാര്യത്തിലും ലഫ്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന അധികാരം നല്‍കുന്നില്ല.
- ലെഫ്. ഗവര്‍ണര്‍ പരിമിതമായ അധികാരങ്ങളുള്ള ഭരണാധികാരിയാണ് പക്ഷെ ഗവര്‍ണര്‍ അല്ല. അദ്ദേഹത്തിന്റെ അധികാര പരിധിയലല്ലാത്ത എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ലഫ്. ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ലഫ്. ഗവര്‍ണര്‍ ദല്‍ഹി സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടു.
ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി സാധ്യമല്ലെന്ന് വിധി പറയുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നീരീക്ഷിച്ചു. ദല്‍ഹിയുടേത് പ്രത്യേക സംസ്ഥാന പദവിയാണ്. പൂര്‍ണ സംസ്ഥാനമല്ല. അതുകൊണ്ടു തന്നെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ നിന്നും വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു.
ദല്‍ഹി സംസ്ഥാന ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.