ബെംഗളുരു - സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് താന്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചതെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. രാമനഗരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്. 'എന്നെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ എനിക്ക് വലിയ തോതില്‍ വോട്ട് ചെയ്തു, പക്ഷേ ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്തു. മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കി. അവരുടെ ഉപദേശത്തിന് വഴങ്ങേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്, എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് വെറുതെയാകാന്‍ അനുവദിക്കില്ല, ' ശിവകുമാര്‍ പറഞ്ഞു.
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമിടയില്‍ കടുത്ത മത്സരം നിലനിന്നിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.