കോഴിക്കോട് - കോഴിക്കോട് കടപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളായ രണ്ട് കൗമാരക്കാരേയാണ് കാണാതായതെന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തിയതായി ദൃക്സാക്ഷിയായ സിനാൻ എന്ന യുവാവ് പറഞ്ഞു.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ചംഗ സംഘം ഫുട്ബാൾ തട്ടിക്കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ മൂന്നുപേരാണ് തിരയിൽ അകപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി.
'രാവിലെ നല്ല തിരമാലയുണ്ടായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി, മറ്റു രണ്ടുപേരിൽ ഒരാൾ തന്റെ കാലിൽ പിടിച്ചെങ്കിലും നീന്തൽ അറിയാത്ത ഒരാൾ മറ്റേ കുട്ടിയെ പിടിച്ചതിൽ രണ്ടുപേരുടേയും പിടുത്തം പോകുകയായിരുന്നു. താനും കുഴങ്ങിയതിനാൽ അവരെ കരയ്ക്കെത്തിക്കാനായില്ലെന്നും ഒരാളെ രക്ഷിച്ച സിനാൻ പ്രതികരിച്ചു. താൻ കടപ്പുറത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൂന്നുപേർ തിരയിൽ അകപ്പെട്ടത് ശ്രദ്ധയിൽ പെട്ടതെന്നും ഉടനെ അവിടേക്ക് പോകുകയായിരുന്നുവെന്നും സിനാൻ പറഞ്ഞു.
പോലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.