മൈസൂരു- പോത്തിനെയും കാളയെയും കശാപ്പ് ചെയ്യാമെങ്കില്‍ എന്തു കൊണ്ട് പശുക്കളെ കശാപ്പ് ചെയ്തുകൂടെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി.വെങ്കിടേഷ്.
കര്‍ണാടക കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമവും പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മൈസൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ഷകരെ സഹായിക്കുന്ന തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നും നാലും പശുക്കള്‍ക്ക് തന്റെ വീട്ടിലും വളര്‍ത്തിയിരുന്നു. ഒരു പശു ചത്തപ്പോള്‍ അതിനെ ദഹിപ്പിക്കാന്‍ ഞങ്ങള്‍ ഏറെ പാടുപെട്ടിരുന്നു. 25 പേര്‍ ഉണ്ടായിട്ടും പശുവിന്റെ ജഡം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ജെസിബി കൊണ്ടുവന്നാണ് ജഡം ഉയര്‍ത്തിയത്.
സംസ്ഥാനത്ത് ഗോശാലകള്‍ കൈകാര്യം ചെയ്യാന്‍ ഫണ്ടിന്റെ ദൗര്‍ലഭ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഗോവധ നിയമം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഗോവധം നിരോധിക്കുകയും കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുന്ന നിയമം കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് പാസാക്കിയത്.