ദിവേഷ്‌ലാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് നേരെ മുനവ്വറലി തങ്ങളെ കാണാനെത്തി

മലപ്പുറം- വാഹനാപകടക്കേസില്‍ ഖത്തറില്‍ ജയിലിലായിരുന്ന വലമ്പൂര്‍ സ്വദേശി ദിവേഷ് ലാല്‍ മോചിതനായി. ജയില്‍ മോചിതനായി നാട്ടിലെത്തിയ ദിവേഷ് ലാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് നേരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനാണ് എത്തിയത്.

മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലോടെയാണ് ദിവേഷ്‌ലാലിന്റെ മോചനനം സാധ്യമായത്. നിര്‍ത്തിയിട്ട വാഹനം മുന്നോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂര്‍ മുള്ള്യാകുര്‍ശി സ്വദേശിയായ ദിവേഷ്‌ലാല്‍ എന്ന 32 കാരന്‍ ഖത്തറില്‍ ജയിലിലായിരുന്നത്. ഖത്തര്‍ സര്‍ക്കാര്‍ ദിയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ (2,03,000 ഖത്തര്‍ റിയാല്‍) ജനകീയ കൂട്ടായ്മയില്‍ സ്വരൂപിക്കുകയായിരുന്നു. മുനവ്വറലി തങ്ങളുടെ ഇടപെടലോടെയാണ് തുക സ്വരൂപിക്കാനായത്.
തുകയുടെ 10 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ കുടുംബമാണ് സ്വരൂപിച്ചത്. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നല്‍കി. നാല് ലക്ഷം രൂപ ഖത്തര്‍ കെഎംസിസിയും ആറ് ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. ബാക്കി വേണ്ട 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെയാണ് സഹായം തേടി ദിവേഷ്‌ലാലിന്റെ ഭാര്യ നീതുവും ബന്ധുക്കളും സഹായ സമിതി ഭാരവാഹികളും പാണക്കാട്ടെത്തിയിരുന്നത്.  കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി മുനവ്വറലി തങ്ങള്‍ രംഗത്തെത്തിയതോടെ ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം രൂപ ദിവസങ്ങള്‍ക്കകം സ്വരൂപിക്കാനായി.

 

Latest News