ദോഹ- ഖത്തറിലെ ഒരു പള്ളിയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചെരിഞ്ഞിരിക്കുന്ന ഈ പള്ളി മിനാരം എവിടെയാണെന്ന് അറിയാമോ എന്നു ചോദിച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍.
ഖത്തറില്‍ അല്‍ ഷഹാനിയ സിറ്റിയിലെ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി മ്യൂസിയത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സവിശേഷമായ വാസ്തുവിദ്യാ രൂപകല്‍പന മസ്ജിദിനെ പിസയിലെ ചരിഞ്ഞ ഗോപുരവുമായി താരതമ്യപ്പെടുത്തുന്നു.
ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി മ്യൂസിയമാണ് ഈ പള്ളിയുടെ നിര്‍മാണത്തിനു പിന്നില്‍.
അതുല്യമായ ഘടനയുള്ള പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ എടുത്തിരുന്നു. അവസാന ഘട്ടം 2022 ലാണ് പൂര്‍ത്തിയായത്.
മസ്ജിദ് മിനാരത്തിന്റെ ഉയരം 27 മീറ്ററും ചെരിവ് 20 ഡിഗ്രിയുമാണെന്നും
അറബി ദിനപത്രമായ വതന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിലേക്ക് 2.5 മീറ്റര്‍ ആഴത്തിലുള്ള എട്ട് തൂണുകളുടെ സഹായത്തോടെ കെട്ടിടം നിവര്‍ന്നുനില്‍ക്കുന്നത്.
ഭിത്തികള്‍ കല്ലുകൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഗ്ലാസ് ജനലുകളും ശ്രദ്ധേയമാണ്.
പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയെ ആദരിക്കുന്നതിനും ഖത്തറിന്റെ സമ്പന്നമായ വാസ്തുവിദ്യാ ചരിത്രം പരിചയപ്പെടുത്തുന്നതിനുമാണ് ചെരിഞ്ഞ മിനാരം നിര്‍മ്മിച്ചതെന്ന് ശൈഖ് ഫൈസല്‍ മ്യൂസിയം അധികൃതര്‍ പറയുന്നു.