കൊല്ലം-മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്.എസ്.പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇറച്ചിക്കടയില്‍ എല്ലിന് കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തീരദേശ ഹൈവേയിലും കെ റെയില്‍ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡി.പി.ആര് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷന് കൈക്കൂലി നല്‍കിയെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്താല്‍ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു.
അതേസമയം, അതിസമ്പന്ന വിഭാഗത്തോട് അമിതമായ വിധേയത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പിയും വിമര്‍ശിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും വ്യക്തിഗത ചെലവിനുമുള്ള പണപ്പിരിവാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.