കല്‍പറ്റ-17 മാസത്തെ ഇടവേളയ്ക്കുശേഷം സേവന-വേതന കരാര്‍ പുതുക്കിയെങ്കിലും മുഖം തെളിയാതെ തോട്ടം തൊഴിലാളികള്‍. കൂലി നാമമാത്രമായി വര്‍ധിപ്പിച്ചതില്‍ അതൃപ്തരാണ് തോട്ടം തൊഴിലാളി സമൂഹം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ദിവസക്കൂലിയില്‍ 41 രൂപയുടെ വര്‍ധവാണ് തീരുമാനിച്ചത്. ഇതനുസരിച്ച് തൊഴിലാളികള്‍ക്കു 473.60 രൂപയാണ് ദിവസക്കൂലി.
കൂലി 500 രൂപയെങ്കിലുമാക്കണമെന്ന് പി.എല്‍.സി യോഗത്തില്‍ ഐ.എന്‍.ടി.യു.സിയും എസ്.ടി.യുവും ഉള്‍പ്പെടെ ചില ട്രേഡ് യൂനിയനുകളുടെ പ്രതിനിധികള്‍ ശക്തമായി നിര്‍ദേശിച്ചെങ്കിലും ഫലം ഉണ്ടായില്ല. ദിവസവേതനം 700 രൂപയാക്കണമെന്നാണ് ട്രേഡ് യൂനിയനുകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന പി.എല്‍.സി യോഗത്തില്‍ കൂലി 25 രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടാണ് തോട്ടം മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്വീകരിച്ചത്. ജില്ലയിലെ തോട്ടം തൊഴിലാളികളില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണ്.
2021 ഡിസംബര്‍ 31ന് അവസാനിച്ചതാണ് തോട്ടം തൊഴിലാളികളുടെ മുന്‍ സേവന-വേതന കരാര്‍ കാലാവധി. എങ്കിലും കൂലി വര്‍ധനവിനു 2023 ജനുവരി മുതലാണ് പ്രാബല്യം. ഫലത്തില്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള 12 മാസത്തെ കൂലിയും തൊഴിലാളികള്‍ക്കു നഷ്ടമായി. കൂലി നാമമാത്രമായി വര്‍ധിപ്പിക്കുന്നതിലും നാലു മാസത്തെ മാത്രം മുന്‍കാല പ്രാബല്യം അനുവദിക്കുന്നതിലും പി.എല്‍.സി യോഗത്തില്‍ പങ്കെടുത്ത ഐ.എന്‍.ടി.യു.സി പ്രതിനിധികളായ പി.പി.ആലി, പി.ജെ.ജോയ്, എ.കെ.മണി എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
തങ്ങളെ മാനേജ്‌മെന്റുകള്‍ക്കു അടിയറവെക്കുന്ന തീരുമാനമാണ് പി.എല്‍.സി യോഗത്തില്‍ ഉണ്ടായതെന്ന വികാരമാണ് തോട്ടം തൊഴിലാളികളില്‍ പൊതുവെ. പുതുക്കിയ കൂലി തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനു പര്യാപ്തമല്ലെന്നു മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി.സുരേഷ്ബാബു പറഞ്ഞു. നിത്യോപയോഗസാധനങ്ങളുടേതടക്കം വില നിത്യേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ജീവിതനിലവാരത്തില്‍ നേരിയ ഉയര്‍ച്ച സാധ്യമാക്കാന്‍പോലും പുതിയ നിരക്കിലുള്ള കൂലി ഉതകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തോട്ടം മേഖലയിലെ ട്രേഡ് യൂനിയനുകള്‍ മാസങ്ങളായി സമരമുഖത്തായിരുന്നു. കൂലി വര്‍ധിപ്പിച്ച കരാര്‍ പുതുക്കണമെന്നതിനു പുറമേ പാര്‍പ്പിട പദ്ധതി നടപ്പാക്കുക, പാടികളുടെ അറ്റകുറ്റപ്പണി നടത്തുക, ചികിത്സാ ആനുകൂല്യം യഥാസമയം നല്‍കുക, പാടികളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, പിരിഞ്ഞുപോകുന്ന തൊഴിലാളികള്‍ക്കു ഗ്രാറ്റ്വിറ്റി യഥാസമയം നല്‍കുക തുടങ്ങിയവയും സമരാവശ്യങ്ങളായിരുന്നു.
പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചതായി പി.എല്‍.സി അംഗവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായ പി.പി.ആലി പറഞ്ഞു. തൊഴിലാളികളുടെ അധ്വാനഭാരം, തൊഴിലാളികളുടെയും മാനേജ്‌മെന്റുകളുടെയും പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സബ് കമ്മിറ്റി പരിശോധിക്കും.
തോട്ടം മേഖലയിലുള്ള മുഴുവന്‍ അംഗീകൃത ട്രേഡ് യൂനിയനുകളുടെയും ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സബ് കമ്മിറ്റി.