Sorry, you need to enable JavaScript to visit this website.

VIDEO ഇന്ത്യന്‍ കുഞ്ഞിനെ തിരികെ വേണം; അംബാസഡര്‍ക്ക് 59 എം.പിമാരുടെ കത്ത്

ന്യൂദല്‍ഹി- മാതാപിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജര്‍മന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 19 പാര്‍ട്ടികളിലെ 59 എംപിമാര്‍ ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ക്ക് കത്തയച്ചു.
2021 സെപ്റ്റംബറിലാണ്  ജര്‍മ്മന്‍ അധികൃതര്‍  ഏഴ് മാസം പ്രായമുള്ള അരിഹ ഷായെ ജര്‍മ്മന്‍ ശിശുക്ഷേമ ഏജന്‍സിയായ ജുഗെന്‍ഡംറ്റ് കസ്റ്റഡിയിലെടുത്തത്. ഈ കുടുംബത്തിലെ ഒരു അംഗത്തിനെതിരെയും ക്രിമിനല്‍ കേസ് നിലവിലില്ലെന്നും കുഞ്ഞിനെ നാട്ടിലേക്ക് അയക്കേണ്ട സമയം അതിക്രമിച്ചുവെന്നും പാര്‍ലമെന്റംഗങ്ങള്‍ എഴുതിയ കത്തില്‍ പറഞ്ഞു.  
ഹേമമാലിനി (ബിജെപി), അധീര്‍ രഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്), സുപ്രിയ സുലെ (എന്‍സിപി), കനിമൊഴി കരുണാനിധി (ഡിഎംകെ), മഹുവ മൊയ്ത്ര (ടിഎംസി), അഗത സാംഗ്മ (എന്‍പിപി), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (എസ്എഡി), മനേകാ ഗാന്ധി (ബിജെപി) പ്രണീത് കൗര്‍ (കോണ്‍ഗ്രസ്), ശശി തരൂര്‍ (കോണ്‍ഗ്രസ്), ഫാറൂഖ് അബ്ദുള്ള (എന്‍സി) എന്നിവരടക്കമുള്ള എം.പിമാരാണ് അംബാസഡര്‍ക്ക് കത്തെഴുതിയത്.
അരിഹയുടെ മാതാപിതാക്കളായ ധാരയും ഭാവേഷ് ഷായും ബെര്‍ലിനിലുണ്ട്. പിതാവ് ബെര്‍ലിനില്‍ ഒരു കമ്പനിയില്‍ ജോലിക്കാരനായിരുന്നു. കുടുംബം ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തേണ്ടതായിരുന്നു, പക്ഷേ ചില ദാരുണമായ സംഭവങ്ങള്‍ക്ക്.
അപകടത്തില്‍ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടക്കുള്ള ഭാഗം) പരിക്കേറ്റതിനെ തുടര്‍ന്ന് അരിഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ജര്‍മന്‍ അധികൃതര്‍ കൊണ്ടുപോയത്.
കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. എന്നാല്‍  മാതാപിതാക്കള്‍ക്കെതിരെ ഒരു കുറ്റവും ചുമത്താതെ 2022 ഫെബ്രുവരിയില്‍  പോലീസ് കേസ് അവസാനിപ്പിച്ചു. ലൈംഗികാതിക്രമം ഒഴിവാക്കി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് എം.പിമാരുടെ കത്തില്‍ പറയുന്നു.
അതേസമയം, കുഞ്ഞിനെ  മാതാപിതാക്കള്‍ക്ക് തിരികെ നല്‍കാത്ത  അധികൃതര്‍  കുട്ടിയുടെ സ്ഥിരമായ കസ്റ്റഡിക്കായി കോടതികളില്‍ സമ്മര്‍ദ്ദം ചെലുത്തി. ജര്‍മ്മന്‍ ഫോസ്റ്റര്‍ കെയറിനേക്കാള്‍ കൂടുതലായി  കുഞ്ഞിനെ നോക്കാന്‍ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കഴിവില്ലെന്ന് ജുജെന്‍ഡാംറ്റ് അഭിപ്രായപ്പെട്ടു.
കോടതി നിയോഗിച്ച സൈക്കോളജിസ്റ്റിനെക്കൊണ്ട് മാതാപിതാക്കളെ വിലയിരുത്തുന്നതിനായി കേസ് ഒന്നര വര്‍ഷത്തിലേറെ എടുത്തുവെന്നും എം.പിമാര്‍ പറഞ്ഞു.
കുട്ടിയെ ഒരു പരിചാരകനില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നത് കുട്ടിക്ക് ആഴമേറിയതും ദോഷകരവുമായ ആഘാതമേല്‍പിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമേ മാതാപിതാക്കള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നുള്ളൂ. ഇതിന്റെ വീഡിയോകള്‍ ഹൃദയഭേദകമാണ്. കുഞ്ഞിന് മാതാപിതാക്കളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും വേര്‍പിരിയലിന്റെ വേദന വെളിപ്പെടുത്തുന്നതാണ് വീഡിയോകളെന്നും കത്തില്‍ പറയുന്നു. കടുത്ത സസ്യാഹാരികളായ ജൈന കുടുംബത്തില്‍ പെട്ടതാണ് കുഞ്ഞ്. അന്യ സംസ്‌കാരത്തിലാണ് കുഞ്ഞിനെ മാംസാഹാരം നല്‍കി വളര്‍ത്തുന്നത്. ഇത്  എത്രത്തോളം അസ്വീകാര്യമാണെന്ന് നിങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നും അംബാസഡറോട് കത്തില്‍ വിശദീകരിച്ചു.
ഒരു ജര്‍മ്മന്‍ കുഞ്ഞിനെ നിര്‍ബന്ധിതമായി ഇന്ത്യന്‍ ഫോസ്റ്റര്‍ കെയറില്‍ പാര്‍പ്പിച്ചാല്‍ നിങ്ങളുടെ രാജ്യത്തിന് എങ്ങനെ അനുഭവപ്പെടുമെന്ന കാര്യം പരിഗണിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.  ഇന്ത്യന്‍ ശിശുക്ഷേമ അധികാരികളുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ ഒരു ജൈന വളര്‍ത്തു കുടുംബത്തിലേക്ക് കുട്ടിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ജര്‍മ്മന്‍ സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ജര്‍മ്മന്‍ ഫോസ്റ്റര്‍ കെയറില്‍ തുടരുന്ന അരിഹയുടെ സാമൂഹികവും സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളുടെ ലംഘനം ഇന്ത്യന്‍ സര്‍ക്കാരിനും രക്ഷിതാക്കള്‍ക്കും അഗാധമായ ആശങ്കയുണ്ടാക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

 

Latest News