ന്യൂദൽഹി- റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ സിംഗിൽനിന്ന് ലൈംഗീക ചൂഷണം നേരിട്ടിരുന്നുവെന്ന് രണ്ടു വർഷം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ. വിഷയത്തിൽ മോഡി നടപടി ഉറപ്പുനൽകിയിരുന്നുവെന്ന് ഒരു വനിത ഒളിംപ്യനെ ഉദ്ധരിച്ച് എഫ്.ഐ.ആറിലുണ്ട്. കായിക താരങ്ങളെ ആദരിപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ബ്രിജ്ഭൂഷണ് എതിരെ വനിതാ താരങ്ങൾ മോഡിയോട് പരാതി പറഞ്ഞത്. ബ്രിജ്ഭൂഷണിൽനിന്ന് തനിക്കും മറ്റു വനിതാ താരങ്ങൾക്കും തുടർച്ചയായി നേരിടേണ്ടി വന്ന ലൈംഗീക-മാനസിക-ശാരീരക ആഘാതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിഷയത്തിൽ കായിക മന്ത്രാലയം ഇടപെടുമെന്നും മന്ത്രാലയത്തിൽനിന്ന് ഉടൻ ഫോൺ വരുമെന്നും മോഡി ഉറപ്പുനൽകിയിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞതായി എഫ്.ഐ.ആറിലുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെയുള്ള വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണ് എതിരെ പരാതി നൽകിയത്.