ചെന്നൈ- ഒഡിഷയിലെ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ വന്‍തോതില്‍ ഉയരുമ്പോള്‍ 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ സാക്ഷ്യം വഹിച്ച മറ്റൊരു അപകടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് ഇന്നലെ ഒഡിഷയില്‍ ദുരന്തമുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകള്‍ അപകടത്തില്‍പെട്ടത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റി ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റിയിരുന്നു. ആദ്യ അപകടത്തിന് ശേഷം സിഗ്‌നലുകള്‍ പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന്, പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ എത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയത് വാന്‍ ദുരന്തത്തിന് കാരണമായി.
ഇത് സമാനമായാണ് 42 വര്‍ഷം മുന്‍പും ഇന്ത്യയില്‍ ട്രെയിന്‍ ദുരന്തമുണ്ടായത്. 1981 ഫെബ്രുവരി 12ന് മദ്രാസിലേക്കുള്ള (ഇന്നത്തെ ചെന്നൈ) ട്രിവാന്‍ഡ്രം മെയിലും ഈറോഡിലേക്ക് പോകുകയായിരുന്നു ഏര്‍ക്കാട് എക്‌സ്പ്രസ്സും ഗുഡ്സ് ട്രെയിനില്‍ നിന്ന് വേര്‍പെട്ട വാഗണുകളുമായി വാണിയംപാടിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. മദ്രാസില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അന്നത്തെ അപകടത്തില്‍ 14 പേര്‍ മരണപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതു അന്ന് ദക്ഷിണ റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിരുന്നു.അന്ന്, നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗ്സ് തകര്‍ന്ന് ഒഴിഞ്ഞ ഓയില്‍ വാഗണുകള്‍ ഇളകി മറ്റൊരു പാളത്തിലേക്ക് വീണു. ആ പാളത്തിലൂടെ പോകുകയായിരുന്ന ട്രിവാന്‍ഡ്രം മെയില്‍ പിന്‍ വാഗണുകളില്‍ ഇടിച്ചു. ഇടിയെ തുടര്‍ന്ന്, ട്രിവാന്‍ഡ്രം മെയിലിന്റെ ബോഗികള്‍ പാളം തെറ്റി രണ്ടാം ലൈനില്‍ വീണു. ആ പാളത്തിലൂടെ മദ്രാസില്‍ നിന്നും വരികയായിരുന്ന ഏര്‍ക്കാട് എക്‌സ്പ്രസ് ഇടിച്ചു. ഏര്‍ക്കാട് എക്‌സ്പ്രസിന്റെ പതിനേഴ് ബോഗികളില്‍ അഞ്ചെണ്ണം അപകടത്തില്‍ തകര്‍ന്നു.
അതെ വര്‍ഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടം സംഭവിക്കുന്നത്. 1981 ജൂണ്‍ ആറിന് ബീഹാറില്‍ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയില്‍ ട്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്ന് രേഖപ്പെടുത്തിയത് 750-ല്‍ അധികം മരണമാണ്.
ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. ആദ്യ അപകടത്തിന് ശേഷം സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും.