അങ്കാറ- തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് സൂചന നല്‍കി പ്രസിഡന്റ് ഉര്‍ദുഗാനോട് തോറ്റ മുഹര്‍റം ഇന്‍സി. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച.്പി)യുടെ നിലവിലെ ചെയര്‍മാന്‍ കെമാല്‍ കിലിക്ദാറോഗ്ലുവിന് മറ്റേതെങ്കിലും പദവി നല്‍കി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാനാണ് മുഹര്‍റം ഇന്‍സിയുടെ നീക്കം. പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തന്നില്‍ സമ്മര്‍ദമുണ്ടെന്ന് ഇന്‍സി തന്നെയാണ് വെളിപ്പെടുത്തിയത്.
ജൂണ്‍ 24 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനെതിരെ നടത്തിയ പ്രചാരണവും 30 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയതും ഇന്‍സിയെ ശ്രദ്ധേയനാക്കി. പ്രതിപക്ഷ പാര്‍ട്ടി അടുത്ത കാലത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ നേടിയ ശരാശരി വോട്ടിനും മുകളിലാണ് ഇന്‍സി നേടിയ വോട്ടിന്റെ ശതമാനം. ഇന്‍സിയുടെ സ്വീകാര്യതയാണ് 2010 മുതല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിവരുന്ന കെമാല്‍ കിലിക്ദാറൊഗ്ലുവിന് ഭീഷണി ആയിരിക്കുന്നത്. ഉര്‍ദുഗാന് ഒട്ടും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരുന്ന കെമാലിനു പകരം ഇന്‍സി പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തുവന്നു കഴിഞ്ഞു.
ഓണററി നേതാവെന്ന പുതിയ പദവിയില്‍ കിലിക്ദാറൊഗ്ലുവിനെ അവരോധിക്കാമെന്നും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ രഹസ്യ യോഗത്തില്‍ ഇന്‍സി അറിയിച്ചതായാണ് സൂചന. ഇതിനായി പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുമെന്ന് ഇന്‍സി വാര്‍ത്തലേഖകരോട് പറഞ്ഞു. പുതിയ പദവി സൃഷ്ടിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കേണ്ടി വരും.
നിര്‍ദേശം അദ്ദേഹം അംഗീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി അതിന്റെ വഴി തേടുമെന്ന് ഇന്‍സി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടിയില്‍ നേതൃവടംവലി രൂക്ഷമായിരിക്കയാണെന്നാണ് ഇന്‍സിയുടെ പ്രസ്താവന നല്‍കുന്ന സൂചന.
പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ ഇന്‍സിയെ ഉര്‍ദുഗാനെതിരെ മത്സരിക്കാന്‍ തെരഞ്ഞെടുത്തത് സി.എച്ച്.പി ചെയര്‍മാന്‍ കെമാല്‍ കിലിക്ദാറൊഗ്ലുവാണ്. എല്ലാവരുടേയും പ്രസിഡന്റ് എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തിയ ഇന്‍സി ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെച്ചതെങ്കിലും ഉര്‍ദുഗാന്‍ 52.6 ശതമാനം വോട്ട് നേടി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി.
വോട്ട് ചെയ്തവര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ തുര്‍ക്കിയിലെ 81 പ്രവിശ്യകളിലും താങ്ക് യൂ റാലികള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഇന്‍സി. സി.എച്ച്.പിയുടെ മുന്‍ ചെയര്‍മാന്‍ മുറാദുമായും അള്‍താന്‍ അയ്്മനുമായും ഇന്‍സി നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിയില്‍ ഉന്നത പദവി പിടിക്കാനുള്ള ശ്രമമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.