ഭുവനേശ്വർ - ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 120 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. അപകടത്തിൽ ആയിരത്തോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. 100-ലേറെ പേർ ഇനിയും ബോഗികൾക്കടിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ-ഹൗറ എക്‌സ്പ്രസ് ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ പാളം തെറ്റി മറിയുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരുക്കേറ്റ 450-ലേറെ പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
അതിനിടെ, അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരായ നാല് തൃശൂർ സ്വദേശികൾ രക്ഷപ്പെട്ടു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു മൂന്നു പേരും ചാടിയാണിവർ രക്ഷപ്പെട്ടത്. അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ വീട്ടുകാരെ വിളിച്ചറിയിച്ചു.