ഭോപ്പാല്‍- അമുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന മധ്യപ്രദേശിലെ സ്‌കൂളില്‍ അല്ലാമ ഇഖ്ബാലിന്റെ കവിതയെ ചൊല്ലിയും വിവാദം.
അല്ലാമ ഇഖ്ബാലിന്റെ വരികള്‍ ആലപിക്കാന്‍ മുസ്ലിംകളല്ലാത്ത വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചെന്നാണ് മധ്യപ്രദേശിലെ ദാമോയിലുള്ള സ്‌കൂളിനെതിരായ ആരോപണം.
ഗംഗാ ജമുന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അമുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണത്തിലും അന്വേഷണം നേരിടുന്നു.
ഒരു സ്‌കൂളില്‍ പെണ്‍മക്കള്‍ തല മറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത് കഴിഞ്ഞ ദിവസമാണ് താന്‍ അറിഞ്ഞതെന്നും അവിടെ തന്നെ രാജ്യം വിഭജിച്ചയാളുടെ കവിതയും പഠിപ്പിക്കുകയാണെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചൗഹാന്‍ പറഞ്ഞു. ഛത്തര്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച ലാഡ്‌ലി ബഹ്‌ന യോജനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രവൃത്തികള്‍ മധ്യപ്രദേശില്‍ അനുവദിക്കില്ലെന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ നയം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന് നിരക്കാത്ത കാര്യങ്ങള്‍ പഠിപ്പിക്കുകയോ പെണ്‍കുട്ടികളെ ശിരോവസ്ത്രമോ മറ്റെന്തെങ്കിലുമോ ധരിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന ഒരു സ്‌കൂളിനെയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ദമോഹ് ജില്ലാ കലക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ഥിനികളില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.