ലണ്ടന്‍- യു.കെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിനയാകും. യു.കെയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പുതിയ നിയമങ്ങള്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. യു.കെ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് മേല്‍ പുതിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആശങ്ക കനത്തത്.
ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോള്‍ കുടുംബാഗങ്ങളെ കൊണ്ടു വരാനുള്ള വിദേശ വിദ്യാര്‍ഥികളുടെ സൗകര്യമാണ് ഇല്ലാതാകുന്നത്. യു.കെയിലേക്കുള്ള മൊത്തം കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.കെ ഗവണ്‍മെന്റ് ഇത്തരത്തില്‍ സ്റ്റുഡന്റ് വിസകള്‍ക്ക് മേല്‍ പുതിയ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. അതേസമയം ഇന്ത്യക്കാരടക്കമുള്ള രാജ്യാന്തര വിദ്യാര്‍ഥികള്‍ യു.കെയിലെ സമ്പദ് വ്യവസ്ഥക്കേകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മാനിക്കുന്നുവെന്നും യു.കെ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പോണ്‍സേഡ് സ്റ്റുഡന്റ്‌സിന്റെ ആശ്രിതര്‍ക്ക് അനുവദിക്കുന്ന വിസകളില്‍ നിയന്ത്രണമില്ലാത്ത വിധത്തില്‍ പെരുപ്പമുണ്ടായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാന്‍ പുതിയ നീക്കം. ഇത്തരത്തില്‍ അനുവദിക്കുന്ന വിസകളുടെ എണ്ണം 2019 ലെ 16,000ത്തില്‍ നിന്നും 2022ല്‍ 1,36,000 ആയാണ് വര്‍ധിച്ചത്. യു.കെ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. നിലവില്‍ റിസര്‍ച്ച് പ്രോഗ്രാം എന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ഗ്രാജ്വേററ് കോഴ്‌സുകളില്‍ എന്റോള്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കുടുംബത്തെ യുകയിലേക്ക് കൊണ്ടു വരാന്‍ അനുവാദമുള്ളൂ.
തങ്ങളുടെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദേശ വിദ്യാര്‍ഥികള്‍ വര്‍ക്ക് വിസകളിലേക്കോ അല്ലെങ്കില്‍ മറ്റ് പഠനങ്ങളിലേക്കോ മാറുന്നതിനും പുതിയ നിയമങ്ങള്‍ തടയിടും. ഇതിലൂടെ നെറ്റ് മൈഗ്രേഷനില്‍ കാര്യമായ കുറവ് വരുത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.