കൊച്ചി - മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്- കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം പോലീസ് അന്വേഷിക്കുന്നു. സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തിരുവനന്തപുരത്ത് കാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്‌ഐയ്ക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ ഭീഷണി മുഴക്കി 12 മണിക്കൂർ തികയും മുമ്പാണ് അഭിമന്യുവിനെ അതേ തീവ്രവാദികൾ കുത്തിമലർത്തിയത്. ഇതു സംബന്ധിച്ച് കാമ്പസ് ഫ്രണ്ട് ജനറൽ സെക്രട്ടറി എ എസ് മുസമ്മലിന്റെ ഫോൺ സംഭാഷണമടക്കം പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.
ഇല്ലാത്ത സംഘർഷം ഉണ്ടെന്ന് വരുത്തി അഭിമന്യുവിനെ കുത്തിക്കൊല്ലുകയും അർജുനനെയും വിനീതിനെയും കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിരുന്നുവെന്ന് പോലീസ് അനുമാനിക്കുന്നു. കേവലം മൂന്നു പേർ മാത്രമാണ് മഹാരാജാസിൽ കാമ്പസ് ഫ്രണ്ടിന് പ്രവർത്തകരായുള്ളത്. ഇവിടെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ നാലു ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തർപങ്കെടുത്തുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ പങ്കെടുത്ത 12 പേരെ തിരിച്ചറിയുകയും ചെയ്തു.
ഒറ്റ കുത്തിനാണ് അഭിമന്യൂ പിടഞ്ഞുവീണ് മരിച്ചത്. കത്തി ഹൃദയത്തിലേക്കാണ് തുളഞ്ഞുകയറിയത്. അർജുനനെ കുത്തിയ കത്തി കരളും പിളർത്തി. കൃത്യമായി പരിശീലനം കിട്ടിയവർക്കു മാത്രമേ ഇങ്ങനെ കുത്താനാകൂ എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. എസ്എഫ്‌ഐ ബുക്ക് ചെയ്ത മതിലിൽ പോസ്റ്റർ പതിച്ച് തർക്കമുണ്ടാക്കിയതിലും കൊടും പരിശീലനം കിട്ടിയ തീവ്രവാദികളെയടക്കം മഹാരാജാസിൽ എത്തിച്ചതിലും കൃത്യമായ ആസൂത്രണം നടന്നിരുന്നു. തർക്കം ഉണ്ടാക്കി ഒന്നോ രണ്ടോ എസ്എഫ്‌ഐ പ്രവർത്തകരെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണ് സംഘമെത്തിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ സംവിധാനം അനുസരിച്ച് നേതൃത്വത്തിന്റെ കൃത്യമായ നിർദേശമനുസരിച്ചു മാത്രമേ ഇങ്ങനെയൊരു കൃത്യം നടക്കുകയുള്ളൂവെന്നും പോലീസ് കരുതുന്നു.
അക്രമി സംഘത്തിലെ അരൂക്കുറ്റി വടുതല സ്വദേശിയായ മുഹമ്മദ് മാത്രമാണ് കാമ്പസിൽ പഠിക്കുന്നത്. ഡിഗ്രിക്ക് പുതുതായി പ്രവേശനം ലഭിച്ച പത്തനംതിട്ട സ്വദേശി ഫാറൂഖും സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച ക്ലാസ് തുടങ്ങാനിരിക്കേ ദിവസങ്ങൾക്കു മുന്നേ ഫാറൂഖ് എറണാകുളത്ത് എത്തിയത് ദുരൂഹമാണ്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ പിന്നിലുള്ള ഗൂഢാലോചന കൂടി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.
കമ്മീഷണർ പി ദിനേശിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സിഐ അനന്തകുമാറിനാണ് ചുമതല. . മൂന്നു എസ്‌ഐ മാരുടെ നേതൃത്വത്തിൽ മൂന്ന് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.