മുംബൈ-സാമ്പത്തിക പ്രതിസന്ധിയെ തടുര്‍ന്ന് പാപ്പര്‍ ഹരജി ഫയല്‍ ചെയ്ത ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി ഡിജിസിഎക്ക് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 26 വിമാനങ്ങളുമായി 152 പ്രതിദിന സര്‍വീസുകളുമായി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് പദ്ധതി. പ്രവര്‍ത്തന മൂലധനം കണ്ടെത്താനുള്ള ഫണ്ടുകള്‍ക്കായി വായ്പ നല്‍കുന്നവരുമായി എയര്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഈ മാസം മൂന്നിനാണ് സര്‍വീസ് നിര്‍ത്തിയിരുന്നത്. സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും പൈലറ്റുമാര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല.
വിമാന കമ്പനിയുടെ ശമ്പളച്ചെലവ് പ്രതിമാസം ഏകദേശം 30 കോടി രൂപയാണെന്നും നിലവില്‍ 4,700 തൊഴിലാളികളാണുള്ളതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പുനരുജ്ജീവന പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി അനുമതി ലഭിച്ച ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും പറയുന്നു.
മുംബൈ ആസ്ഥാനമായുള്ള എയര്‍ലൈനിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുനരുജ്ജീവന പദ്ധതിയെക്കുറിച്ച് ഡിജിസിഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
26 വിമാനങ്ങളുടെ ഫ്‌ളീറ്റിനൊപ്പം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഗോ ഫസ്റ്റ് നോക്കുന്നത്. 22 എണ്ണം സര്‍വീസിന് ഉപയോഗിക്കുകയും നാലെണ്ണം സ്‌പെയറുകളായി സൂക്ഷിക്കുകയും ചെയ്യും. ഇത്രയും വിമാനങ്ങള്‍ കൊണ്ട് പ്രതിദിനം 152 വിമാനങ്ങള്‍ സര്‍വീസ് നടത്താനാകുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നിന് സര്‍വീസ് നിര്‍ത്തുന്നതുവരെ പ്രതിദിനം 200 ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു.
പുനരുജ്ജീവന പദ്ധതിയെക്കുറിച്ച് ഡി.ജി.സി.എ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും വ്യക്തത തേടുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പ് 5,000 ജീവനക്കാരുണ്ടായിരുന്ന ഗോ ഫസ്റ്റില്‍ ഇപ്പോള്‍ 4,700 ജീവനക്കാരാണുള്ളത്.
17 വര്‍ഷത്തിലേറെയായി സര്‍വീസ് നടത്തുന്ന ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് മേയ് രണ്ടിനാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മുമ്പാകെ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി ഹരജി ഫയല്‍ ചെയ്തത്.