ഇസ്ലാമാബാദ്- മലബാര്‍ ഗോള്‍ഡ് ആന്റ് ഡയണ്ട്‌സിന്റെ വ്യാജ ഷോറൂം പാകിസ്ഥാനില്‍ കോടതി ഇടപെട്ട് പൂട്ടിച്ചു. മലബാര്‍ ഗോള്‍ഡ് നടത്തിയ നിയമ പോരാട്ടത്തിലാണ് വിജയം. മിഡില്‍ ഈസ്റ്റ്, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിലായി 317 റീട്ടെയില്‍ ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് പാകിസ്ഥാന്‍ തലസ്ഥാനത്ത് ബ്രാന്‍ഡ് ആള്‍മാറാട്ടത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
ഇസ്ലാമാബാദില്‍ മലബാര്‍ ഗോള്‍ഡിന്റെ പേരില്‍ അനധികൃതമായി ജ്വല്ലറി നടത്തിവന്ന പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഫൈസാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയത്. ബ്രാന്‍ഡിന്റെ പേരും മറ്റു വ്യാപാരമുദ്രകളും തന്റെ ജ്വല്ലറിക്ക് വേണ്ടി ഉപയോഗിച്ചതിനു പുറമേ, മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍, ഉല്‍പ്പന്ന ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ പേജുകളും ഫൈസാന്‍ കൈകാര്യം ചെയ്തിരുന്നു.
സിവില്‍ കേസ് ഫയല്‍ ചെയ്തയുടന്‍ മലബാര്‍ ഗോള്‍ഡ് സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ബ്രാന്‍ഡ് നാമത്തിന്റെയും വ്യാപാരമുദ്രകളുടെയും എല്ലാ ഉപയോഗവും നിര്‍ത്താനും പാകിസ്ഥാന്‍ കോടതി ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവുകള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെ മലബാര്‍ ഗോള്‍ഡ് വീണ്ടും കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു, തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
തന്റെ പേരില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയ ട്രേഡ് മാര്‍ക്ക് അപേക്ഷ പിന്‍വലിക്കാനും മലബാര്‍ ഗോള്‍ഡ് നിര്‍ദേശിക്കുന്ന പ്രധാന ഇംഗ്ലീഷ്, ഉറുദു പത്രങ്ങളില്‍ കുറ്റസമ്മതം പ്രസിദ്ധീകരിക്കാനും ഫൈസാന്‍ സമ്മതിച്ചു.
മലബാര്‍ ഗോള്‍ഡ് വിശ്വാസത്തിന്റെ അടിത്തറയില്‍ സ്ഥാപിതമായ ബിസിനസാണെന്നും വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്ത് നേടിയ ബ്രാന്‍ഡ് മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമവും തടയുമെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.