ഭോപ്പാല്‍- രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതത്തെ ദുരുപയോഗിക്കുന്ന ബി.ജെ.പിയെ തുറന്നു കാണിക്കാന്‍ കോണ്‍ഗ്രസിന് ആത്മീയ മുഖം നല്‍കി റിച്ച ഗോസ്വാമി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തും മറ്റു പാര്‍ട്ടി പരിപാടികളിലും തൂവെള്ള സാരിയും രുദ്രാക്ഷമാലയും ധരിച്ച ഈ 32 കാരി സജീവമാണ്.
തന്റെ ജോലി ജനങ്ങളോട് വോട്ട് ചോദിക്കലല്ലെന്നും സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും രാസലീലയും ഭഗവദ് കഥയും എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു.
എന്നാല്‍ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോള്‍ റിച്ച ഗോസ്വാമി മികച്ച സംഭാവനകള്‍ നല്‍കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമില്ല.
കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റത്തെത്തുടര്‍ന്ന് കമല്‍നാഥ് സര്‍ക്കാര്‍ താഴെവീണതിന് തൊട്ടുപിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് ധാര്‍മിക വിഭാഗം രൂപീകരിക്കുകയും ഗോസ്വാമിയെ അതിന്റെ മേധാവിയാക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തങ്ങളുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിച്ച ഗോസ്വാമിയോട് അഭ്യര്‍ഥിക്കുന്നു. വരും മാസങ്ങളില്‍ സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളിലും മതപരമായ ആഘോഷങ്ങള്‍ക്കായി കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
അടുത്തിടെ, നാരി സമ്മാന്‍ യോജനയുടെ ഭാഗമായി സ്ത്രീകള്‍ക്ക് 1,500 രൂപയും എല്‍പിജി സിലിണ്ടറുകളും നല്‍കുമെന്ന് കമല്‍നാഥ് വാഗ്ദാനം ചെയ്തപ്പോള്‍, രാമായണത്തിലെ സുന്ദര്‍ കാണ്ഡ് പാരായണം ചെയ്തുകൊണ്ട് ഗോസ്വാമിയാണ് പരിപാടി ആരംഭിച്ചത്. കോണ്‍ഗ്രസ് മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. പക്ഷേ പാര്‍ട്ടിയുടെ നേതാക്കളെ വ്യക്തിപരമായി എനിക്കറിയാം. അവര്‍ മതത്തില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ അത് പുറത്ത് പ്രകടിപ്പിക്കാറില്ലെന്ന് മാത്രം. ഇപ്പോള്‍ കോണ്‍ഗ്രസില്‍ മതപരമായ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഹിന്ദുത്വ വക്താക്കളെന്ന് അവകാശപ്പെടുന്നവരെ തുറന്നുകാട്ടുകയും ചെയ്യുകയാണ് തന്റെ ജോലിയെന്ന് റിച്ച ഗോസ്വാമി പറയുന്നു.