Sorry, you need to enable JavaScript to visit this website.

സൗദി യുവതി രജ്‌വ ഖാലിദ് ഇനി ജോര്‍ദാന്‍ രാജകുമാരി

അമ്മാന്‍- ജോര്‍ദാനില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഘോഷമായി കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ രാജകുമാരന്റെ വിവാഹം.  സൗദി യുവതി രജ്‌വ ഖാലിദ്  അല്‍സെയ്ഫുമായുള്ള കിരീടാവകാശിയുടെ വിവാഹം നാടിന്റെ ആഘോഷമായി. രാജകല്‍പന പ്രകാരം രജ്‌വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സെയ്ഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സെയ്ഫ് ഇനി ജോര്‍ദാന്‍ രാജകുമാരിയാണ്.  
അമ്മാനിലെ സഹ്‌റാന്‍ കൊട്ടാരത്തില്‍ നടന്ന രാജകീയ വിവാഹത്തിനുശേഷം സല്‍ക്കാരം നടന്ന അല്‍ഹുസൈനിയ കൊട്ടാരത്തിലേക്ക് ദമ്പതികള്‍ തുറന്ന വാഹനത്തിലാണ് എത്തിച്ചേര്‍ന്നത്.
കിരീടാവകാശി ജോര്‍ദാന്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ രാജകുമാരി രജ്‌വ രാജ്ഞിയായി മാറും.
1993ല്‍ കിരീടാവകാശിയുടെ മാതാപിതാക്കളായ അബ്ദുല്ല രണ്ടാമന്‍ രാജാവും റാനിയ രാജ്ഞിയും വിവാഹിതരായ സഹ്‌റാന്‍ കൊട്ടാരത്തിലാണ് നിക്കാഹ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 140  അതിഥികള്‍ പങ്കെടുത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന സന്ദേശം പങ്കിട്ടു.
രജ്‌വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സെയ്ഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സെയ്ഫ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. 1994 ഏപ്രില്‍ 28ന് റിയാദിലാണ് അല്‍സെയ്ഫ് ജനിച്ചത്. സൗദി വ്യവസായി ഖാലിദ് അല്‍ സെയ്ഫും അസ്സ അല്‍ സുദൈരിയുമാണ് മാതാപിതാക്കള്‍. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. ഡിസൈനിംഗ്, കുതിരസവാരി എന്നിവയാണ് ഹോബികള്‍. 28 ാം ജന്മദിനത്തില്‍, ഒരു കുതിരയ്‌ക്കൊപ്പമുള്ള അല്‍ സെയ്ഫിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോര്‍ട്രെയ്റ്റ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു.

 

Latest News