ചോദ്യം: എന്റെ ഫൈനൽ എക്‌സിറ്റിന്റെയും ഇഖാമയുടെയും കാലാവധി കഴിഞ്ഞിട്ട് പത്തു മാസം പിന്നിട്ടു. ഇനി ഇഖാമ പുതുക്കാനാവുമോ? എങ്കിൽ ആർക്കാണ് അതിനു കഴിയുക. പിഴ നൽകേണ്ടി വരുമോ?
ഉത്തരം: ജവാസാത്ത് നിയമപ്രകാരം ഫൈനൽ എക്‌സിറ്റ് ലഭിച്ചാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞാലും 60 ദിവസം രാജ്യത്തു തങ്ങാനാവും. അതിനുള്ളിൽ പോകാതിരിക്കുകയും നിശ്ചിത സമയം അവസാനിക്കുകയും ചെയ്താൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതിന് ആയിരം റിയാൽ പിഴ നൽകേണ്ടി വരും.
പിഴ അടച്ച ശേഷം നിങ്ങളുടെ സ്‌പോൺസർ തന്റെ അബ്ഷിർ അല്ലെങ്കിൽ മുഖീം പ്ലാറ്റ്‌ഫോം വഴി ഇഖാമ പുതുക്കുന്നതിന് അപേക്ഷിക്കണം. ഇഖാമ പുതുക്കുന്നതിനും കാലാവധി കഴിഞ്ഞതിനാൽ 500 റിയാൽ ഫൈൻ നൽകേണ്ടി വരും.
തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവുമോ?
ചോദ്യം: കഴിഞ്ഞ 4 മാസമായി എനിക്കു സ്‌പോൺസർ ശമ്പളം നൽകുന്നില്ല. ഇക്കാരണത്താൽ ഞാൻ കഴിഞ്ഞ മാസം സ്‌പോൺസർക്കെതിരെ നിയമം അനുശാസിക്കുന്നവിധം മാനവ വിഭവശേഷി മന്ത്രാലയത്തിലെ ബന്ധപ്പെട്ട കേന്ദ്രത്തിൽ പരാതി നൽകി. കേസ് പരിഗണിച്ച കോടതി സ്‌പോൺസറോട് ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും ഹാജരായില്ലെന്നു മാത്രമല്ല, എനിക്ക് ഫൈനൽ എക്‌സിറ്റ് അടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവുമോ?
ഉത്തരം: സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് അടിക്കുന്നതിനു മുമ്പാണ് കേസ് ഫയൽ ചെയ്തിട്ടുള്ളതെങ്കിൽ അതേ കോടതിയിൽതന്നെ വീണ്ടും പരാതിപ്പെടുകയും ഫൈനൽ എക്‌സിറ്റ് റദ്ദാക്കി റിലീസ് നൽകാൻ ആവശ്യപ്പെടുകയും ചെയ്യാം. നിങ്ങൾക്കു ലഭിക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെ റിലീസും നിയമാനുസൃതം ലഭിക്കും.
രാജ്യത്തെ തൊഴിൽ നിയമമനുസരിച്ച് ഒരു പ്രവാസിക്കും തന്റെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാൻ കഴിയില്ല. മാനവശേഷി മന്ത്രാലയം ഉത്തരവിട്ടാൽ, ജവാസാത്തിന് അതു ചെയ്യാനാവും. അതിനാൽ മറ്റു വിധത്തിലുള്ള നിയമലംഘനങ്ങളൊന്നും നിങ്ങളുടെ പേരിൽ ഇല്ലെങ്കിൽ രാജ്യത്തെ തൊഴിൽ നിയമം അനുശാസിക്കും വിധം നിങ്ങൾക്കു നീതി ലഭിക്കും. അതിനായി നിങ്ങൾക്കു കേസുമായി മുന്നോട്ടു പോകാം.
സേവനം ലഭിച്ചില്ലെങ്കിൽ ഫീസ് മടക്കി ലഭിക്കാൻ
ചോദ്യം: എന്റെ കുടുംബം വിസിറ്റ് വിസയിൽ എന്നോടൊപ്പമുണ്ടായിരുന്നു. ഞാൻ എന്റെ ബാങ്ക് അക്കൗണ്ടിലെ സദദ് വഴി 400 റിയാൽ അടച്ച് കുടുംബത്തിന്റെ വിസിറ്റ് വിസ ദീർഘിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സിസ്റ്റം അതു നിരസിച്ചു. തുടർന്ന് ഞാൻ കുടുംബത്തെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. ഇതിനായി അടച്ച ഫീസായ 400 റിയാൽ തിരികെ ലഭിക്കാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ എന്താണു ചെയ്യേണ്ടത്?
ഉത്തരം: ജവാസാത്ത് സിസ്റ്റത്തിൽ ഏതു സേവനത്തിന് അടക്കുന്ന ഫീസായാലും സേവനം ഉപയോഗിച്ചില്ലെങ്കിൽ മടക്കി ലഭിക്കും. അതേസമയം സേവനം ലഭിക്കുകയും അതു ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ ഫീസ് മടക്കിക്കിട്ടില്ല. നിങ്ങൾ ഫീസ് നിക്ഷേപിച്ച അതേ അക്കൗണ്ട് വഴി നിങ്ങൾക്ക് അടച്ച തുക എളുപ്പത്തിൽ തിരികെ ലഭിക്കും. സദദിൽ റിട്ടേൺ ഫീസ് ഓപ്ഷനുണ്ട്. അതു സെലക്ട് ചെയ്തു നിശ്ചിത സേവനം രേഖപ്പെടുത്തിയാൽ ഫീസ് മൂന്നു മുതൽ ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിലായി മടക്കി ലഭിക്കും.