ബോള്‍ട്ടണ്‍- വൈറലായ ടിക് ടോക്ക് വീഡിയോ പ്രകാരം മൈക്രോവേവില്‍ മുട്ട പുഴുങ്ങിയപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ബ്രീട്ടീഷ് വീട്ടമ്മ. മുട്ട പൊട്ടിത്തെറിക്കുകയും മുഖത്ത് നിന്ന് തൊലി ഉരിഞ്ഞുപോവുകയും ചെയ്തതിനെ തുടര്‍ന്നാണ് അവരുടെ മുന്നറിയിപ്പ്. മൈക്രോവേവില്‍ ആരും മുട്ട പുഴുങ്ങരുതെന്ന് അവര്‍ ഉപദേശിക്കുന്നു. ഓണ്‍ലൈനില്‍ ലഭ്യമായ ജനപ്രിയ പാചകക്കുറിപ്പ് വിശ്വസിച്ച താന്‍ തികച്ചും വേദന അനുഭവിക്കുകയാണെന്ന് ഷാഫിയ ബഷീര്‍ പറയുന്നു.
മേയ് രണ്ടാം വാരമാണ് ഷാഫിയ ബഷീറിന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുരനുഭവം നേരിടേണ്ടി വന്നത്. വൈറലായ ടിക് ടോക് വീഡിയോ അനുസരിച്ച് ആദ്യം ഒരു മഗില്‍ തിളച്ച വെള്ളമെടുത്തു. ശേഷം അതിലേക്ക് മുട്ടയിടുകയും ചെയ്തു. പിന്നീട് ഇത് മൈക്രോ വേവ് ഓവനിലേക്ക് വെച്ചു. രണ്ട് മിനിറ്റിന് ശേഷം ഒരു സ്പൂണെടുത്ത് മുട്ട വെന്തോ എന്ന പരിശോധിക്കുന്നതിനിടെ മുട്ട മുഖത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ ഇടത് വശത്തേ തൊലിയാകെ ഉരിഞ്ഞ് പോയ ഷാഫിയ ബഷീര്‍ വേദന കൊണ്ട് പുളഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഷാഫിയ ബഷീറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷാഫിയ ബഷീര്‍ പറഞ്ഞു.
മുട്ട ഇത്തരത്തില്‍ മൈക്രേ വേവ് ഓവനില്‍ പാകം ചെയ്യുന്നത് അപകടകരമാണെന്നും ആരും വൈറലായ ടിക് ടോക് വീഡിയോയിലെ പരീക്ഷണത്തിന് മുതിരരുതന്നും അവര്‍ പറഞ്ഞു. സംഭവം തനിക്ക് കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചത് എന്നും ഷാഫിയ ബഷീര്‍ പറഞ്ഞു. ഇതിന് ശേഷം തനിക്ക് മുട്ട കഴിക്കാന്‍ പോലും പേടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആശുപത്രി വാസത്തിന് ശേഷം ഷാഫിയ ബഷീര്‍ വീണ്ടും ടിക് ടോക്കില്‍ സജീവമായിട്ടുണ്ട്.