Sorry, you need to enable JavaScript to visit this website.

സ്‌പൈസ് ജെറ്റ് കലാനിധി മാരന് 380 കോടി രൂപ നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി-സണ്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കലാനിധി മാരന് 380 കോടി രൂപ നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എയര്‍ലൈനിന്റെ മുന്‍ പ്രൊമോട്ടറാണ് കലാനിധി മാരന്‍.   2023 ഫെബ്രുവരി 13ലെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം 75 കോടി രൂപ സ്‌പൈസ് ജെറ്റ് കലാനിധി മാരന് നല്‍കാനുണ്ട്. മൂന്ന് മാസത്തിനകം പണമടയ്ക്കാന്‍ സ്‌പൈസ് ജെറ്റിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പലിശ ഇനത്തില്‍ 75 കോടി രൂപ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് സ്‌പൈസ് ജെറ്റ് പാലിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
നാലാഴ്ചക്കുള്ളില്‍ സ്‌പൈസ്‌ജെറ്റ് ആസ്തി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യോഗേഷ് ഖന്ന ഉത്തരവിട്ടു. ഓഹരി കൈമാറ്റ തര്‍ക്കത്തില്‍ സുപ്രീം കോടതി ശരി വെച്ച തീരുമാനം സ്‌പൈസ്‌ജെറ്റ് ലംഘിക്കുകയാണെന്ന് കാണിച്ച് കലാനിധി മാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതി പാസാക്കിയ ഉത്തരവില്‍ ഒരു ഭേദഗതിയും ഇല്ലെന്നും അതിനാല്‍ അത് പാലിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സ്‌പൈസ് ജെറ്റ് പ്രൊമോട്ടര്‍ അജയ് സിങ്ങിന്റെ ഓഹരി പങ്കാളിത്തം കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കലാനിധി മാരന്‍ 2020 ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി സ്വീകരിച്ച ഹൈക്കോടതി തുക മൂന്നാഴ്ചക്കകം കെട്ടിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇത് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടന്‍ കാശാക്കി പണം കലാനിധി മാരന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. കലാനിധി മാരനും അദ്ദേഹത്തിന്റെ കെ എ എല്‍ എയര്‍വേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
പലിശ ഇനത്തില്‍ 75 കോടി രൂപ മൂന്ന് മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. 75 കോടി രൂപ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും പലിശ ബാധ്യത 362 കോടിയില്‍ നിന്ന് 380 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട് എന്നും കലാനിധി മാരന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത്, കുടിശ്ശികയുള്ള മുഴുവന്‍ തുകയും നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസ് അടുത്ത സെപ്റ്റംബര്‍ അഞ്ചിന് പരിഗണിക്കും.
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സ്‌പൈസ് ജെറ്റിന്റെ വരുമാനം നാലിരട്ടിയായി വര്‍ധിച്ച് 106.8 കോടി രൂപയില്‍ എത്തിയിരുന്നു. തനിക്കും കെഎഎല്‍ എയര്‍വേയ്‌സിനും മുന്‍ഗണനാ ഓഹരികള്‍ നല്‍കുന്നതില്‍ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടു എന്നായിരുന്നു കലാനിധി മാരന്‍ ആരോപിച്ചത്.

 

Latest News