കൊല്ലം - പ്രവേശനോത്സവ ദിനത്തിൽ നാടിന്റെ നൊമ്പരമായി നാലാം ക്ലാസ് വിദ്യാർത്ഥി. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് (10) ആണ് പനി ബാധിച്ച് മരിച്ച് നാടിന്റെയും സ്‌കൂളിന്റേയും സങ്കടമായത്.
സ്‌കൂളിലേക്ക് പോകാനായി പുതിയ ബാഗും ഡ്രസ്സും പുസ്തകങ്ങളുമെല്ലാം ഒരുക്കി കാത്തിരുന്ന സഞ്ജയിന് ഇന്നലെ പനി പിടിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിലേക്കുള്ള തയ്യാറെടുപ്പുകളെല്ലാം മാറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ, പ്രവേശനോത്സവത്തിന്റെ മൂർധന്യത്തിൽ കൂട്ടുകാരെയും വീട്ടുകാരുടെയും നാട്ടുകാരേയുമെല്ലാം സങ്കടത്തിലാക്കി സഞ്ജയ് യാത്രയാവുകയായിരുന്നു.
ആനക്കോട്ടൂർ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്.
ബുധനാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് സഞ്ജയിന് പനിയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.