Sorry, you need to enable JavaScript to visit this website.

നല്ല വസ്ത്രവും സണ്‍ഗ്ലാസും ധരിച്ചതിന് ദളിതന് മര്‍ദനം;ഏഴു പേര്‍ക്കെതിരെ കേസ്

പാലന്‍പൂര്‍-നല്ല വസ്ത്രവും സണ്‍ഗ്ലാസും ധരിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു. യുവാവിന്റെ അമ്മയേയും മര്‍ദിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുജറത്താലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം.
പാലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി ആക്രമണത്തിനിരയായ  യുവാവും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ നല്ല വസ്ത്രവും കണ്ണടയും ധരിച്ചതിനാലാണ് ഉയര്‍ന്ന ജാതിക്കാര്‍  പ്രകോപിതരായതെന്ന് ജിഗര്‍ ഷെഖാലിയ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് നില്‍ക്കുമ്പോള്‍ പ്രതികളില്‍ ഒരാള്‍ അധിക്ഷേപിച്ചു കൊണ്ടാണ് തുടക്കം.  വലിയ ആളാകാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.  രാത്രി  ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്പോഴാണ് രജപുത്ര സമുദായക്കാരായ പ്രതികള്‍ വടികളുമായി എത്തിയത്.  വസ്ത്രത്തെ കുറിച്ചും സണ്‍ഗ്ലാസിനെ കുറിച്ചും പറഞ്ഞുകൊണ്ടാണ് മര്‍ദിച്ചതെന്നും  ഒരു ഡയറി പാര്‍ലറിന് പിന്നിലേക്ക് വലിച്ചിഴച്ചുവെന്നും യുവാവ് പറയുന്നു.
രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മയേയും മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News