ന്യൂദല്‍ഹി- വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കാന്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള അധ്യായവും ഒഴിവാക്കി. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്നാണ് ജനാധിപത്യത്തെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കിയത്. ജനാധിപത്യത്തിന് പുറമേ, പീരിയോഡിക് ടേബിള്‍, ഊര്‍ജ്ജത്തിന്റെ ഉറവിടം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
എന്‍സിഇആര്‍ടിയുടെ പത്താം ക്ലാസ് പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യത്തിനെതിരായ വെല്ലുവിളികളും തുടങ്ങിയ അധ്യായങ്ങള്‍ ഒഴിവാക്കി.
ഇതിനു പുറമെ, സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മൂലകങ്ങളുടെ ആനുകാലിക വര്‍ഗ്ഗീകരണം, ഊര്‍ജ്ജ സ്രോതസ്സുകള്‍, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റ് എന്നിവ ഇനി പഠിക്കേണ്ടതില്ല.നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമായ ഉള്ളടക്കം, ആവര്‍ത്തിക്കുന്ന എന്നിവയാണ് അധ്യായങ്ങള്‍ നീക്കം ചെയ്യുന്നതിന് എന്‍.സി.ഇ.ആര്‍.ടി വ്യക്തമാക്കുന്ന ചില കാരണങ്ങള്‍.എന്നിരുന്നാലും, വിദ്യാര്‍ത്ഥികള്‍ക്ക് 11ാം ക്ലാസിലും 12ാം ക്ലാസിലും എടുക്കുന്ന സ്ട്രീം അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി വിഷയങ്ങള്‍ പഠിക്കാനാകും. അതിനാല്‍, പത്താം ക്ലാസ് പാസായ ശേഷം ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യവും സയന്‍സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് പീരിയോഡിക് ടേബിളും പഠിക്കാം.
പ്രധാനപ്പെട്ട അധ്യായങ്ങള്‍ ഒഴിവാക്കിയതിന് എന്‍സിഇആര്‍ടി നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിന് ബുദ്ധിജീവികളില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങി.
അതേസമയം, കോവിഡ് 19 മഹാമാരിയുടെ വെളിച്ചത്തിലാണ് തീരുമാനമെടുത്തതെന്നാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറയുന്നത്.
കോവിഡ് 19 നുശേഷം കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന് കോഴ്‌സുകള്‍ യുക്തിസഹമാക്കുന്നതിന് നടപടികള്‍ തുടരുകയാണ്. ഒരു കുട്ടി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എല്ലാ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. 12ാം ക്ലാസിലെ സിലബസില്‍ ഡാര്‍വിന്റെ സിദ്ധാന്തം ഉണ്ട് താനും. അതിനാല്‍ തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.
എന്‍.സി.ആര്‍.ടി 12 ാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു. അമേരിക്കന്‍ ആധിപത്യം ലോകരാഷ്ട്രീയത്തില്‍', 'ശീതയുദ്ധ കാലഘട്ടം' എന്നീ രണ്ട് അധ്യായങ്ങളും പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തു.