കാസർകോട് - വരന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിൻമാറിയ യുവതിയെ വീട്ടിലെത്തി ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ. കാസർഗോഡ് ജില്ലയിലാണ് സംഭവം. ഒരു വർഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29)യാണ് അറസ്റ്റ് ചെയ്തത്.
വരന്റെ സ്വഭാവദൂഷ്യമറിഞ്ഞ് വിവാഹത്തിൽനിന്ന് വധുവും കുടുംബവും പിന്മാറിയതറിഞ്ഞ് പ്രകോപിതനായ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയാണുണ്ടായതെന്ന് ചന്തേര ഇൻസ്പെക്ടർ പി നാരായണൻ പറഞ്ഞു. മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വീട്ടുകാർ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും പോലീസിൽ പരാതി നല്കുകയുമാണുണ്ടായത്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.