ന്യൂദല്‍ഹി- രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ആള്‍കൂട്ട ആക്രമണങ്ങളെ മതവുമായോ ജാതിയുമായോ ബന്ധിപ്പിക്കരുതെന്നും ഇരയാക്കപ്പെടുന്നവര്‍ ഇരകള്‍ തന്നെയാണെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര വ്യക്തമാക്കി. ഗോരക്ഷയുടെ പേരില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ഇത്തരം കേസുകളുടെ നിരീക്ഷണം, ഉത്തരവാദികളെ കണ്ടെത്തല്‍ എന്നവ സംബന്ധിച്ച സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ശക്തമായ ഭാഷയിലുള്ള പ്രതികരണം. ഹരജിയില്‍ കോടതി പിന്നീട് വിധി പറയും.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത്തരം സംഭവങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഗോരക്ഷാ ഗുണ്ടായിസം തടയുന്നതില്‍ പരാജയപ്പെട്ട രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയുരുന്നു.
ഗോരക്ഷാ ഗുണ്ടാ ആക്രമണം തടയണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയാണ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചത്. ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങല്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചത്.