ന്യൂദല്‍ഹി-മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗവര്‍ണറുടെ നേത്യത്വത്തിലുള്ള സമാധാന സമിതി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുന്‍കൈ എടുക്കും. സുരക്ഷാ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.നാല് ദിവസത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആശയ വിനിമയത്തിന് തന്റെ സന്ദര്‍ശനമധ്യേ തുടക്കമായതായി അമിത്ഷാ പറഞ്ഞു. പൊതുധാരണ രൂപപ്പെട്ട സാഹചര്യത്തില്‍ മണിപ്പൂരില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളും സിബിഐയ്ക്ക് കൈമാറുമെന്ന് അമിത്ഷാ വ്യക്തമാക്കി.
മണിപ്പുര്‍ സന്ദര്‍ശനത്തിനിടെ 11 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്. കൂടാതെ വിവിധ സംഘടനകളുമായും സുരക്ഷാസേനാംഗങ്ങളുമായും ചര്‍ച്ച നടത്തി. സംഘര്‍ഷം നടന്ന വിവിധ പ്രദേശങ്ങളും ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനവും അമിത് ഷാ ആവര്‍ത്തിച്ചു. സുരക്ഷാ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.