മോസ്‌കോ- യുക്രെയ്നിന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തതായി റഷ്യ. യൂറി ഒലെഫിറെങ്കോ എന്ന യുദ്ധക്കപ്പല്‍ റഷ്യന്‍ വ്യോമസേന നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ യുക്രെയ്‌നിയന്‍ തുറമുഖവും കരിങ്കടല്‍ തടത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നുമായ ഒഡെസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നാവികസേനയുടെ അവസാനത്തെ യുദ്ധക്കപ്പലാണിത്.
1970കളില്‍ ആദ്യമായി കമ്മീഷന്‍ ചെയ്ത സോവിയറ്റ് കാലഘട്ടത്തിലെ നാവിക കപ്പല്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട റഷ്യന്‍ വാദത്തോട് കീവ് പ്രതികരിച്ചിട്ടില്ല.
കിഴക്കന്‍ യുക്രെയ്‌നില്‍ 2014-ല്‍ മോസ്‌കോയുടെ പിന്തുണയുള്ള വിഘടനവാദികള്‍ മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ ആരംഭിച്ച ഡോണ്‍ബാസിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു യുക്രേനിയന്‍ നാവികന്റെ സ്മരണാര്‍ഥമാണ് കപ്പലിന് ഈ പേര് നല്‍കിയത്. 2014 മുതല്‍ ഫെബ്രുവരി 2022 വരെ, യൂറി ഒലെഫിറെങ്കോയെ കരിങ്കടലില്‍ യുക്രെയ്നിന്റെ പ്രതീകമായി വിശേഷിപ്പിച്ചിരുന്നു.
കനത്ത വ്യോമാക്രമണം ഒഡേസ തുറമുഖത്ത് തീപിടുത്തത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ക്കും ഇടയാക്കിയതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി നിര്‍ണയിക്കുകയാണെന്ന് യുക്രേനിയന്‍ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡ് പറഞ്ഞു.