ന്യൂദല്‍ഹി-പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി വേണ്ടി കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു. മഅദനി നിരുപാധികം മാപ്പ് നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്ന് കട്ജു കത്തില്‍ അഭ്യര്‍ത്ഥിച്ചു. 22 വര്‍ഷം മഅദനി ജയിലില്‍ കഴിഞ്ഞു. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിക്ക് വീല്‍ ചെയര്‍ സഹായമില്ലാതെ ഒന്ന് നീങ്ങാന്‍ പോലുമാകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ മഅദനി അലട്ടുന്നുണ്ട്.
ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. കൂടാതെ, ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ കിടപ്പിലാണെന്നുള്ള അവസ്ഥ കൂടെ പരിഗണിക്കണം. കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തില്‍ എഴുതി. ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ കത്ത് എഴുതിയിട്ടുള്ളത്.
നേരത്തെ, കേരളത്തിലേക്ക് വരാന്‍ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാര്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ഇത്ര ഭീമമായ തുക നല്‍കി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മഅദനി തീരുമാനമെടുക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മഅദനിയുടെ കുടുംബവും പ്രതികരിച്ചു. 20 ലക്ഷം രൂപ മാസം നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട്.
82 ദിവസത്തേക്ക് കേരളത്തിലേക്ക് വരുന്ന മഅദനി പത്തിടത്ത് സന്ദര്‍ശനം നടത്താനുള്ള ആവശ്യം സമര്‍പ്പിച്ചതും കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പത്തിടത്ത് സന്ദര്‍ശനം നടത്തുന്നില്ല, മറിച്ച് മൂന്നിടത്ത് മാത്രമേ സന്ദര്‍ശിക്കുന്നുള്ളൂവെന്ന് മഅദനിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ സുരക്ഷയൊരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ചെലവില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതാണ് മഅദനിക്ക് തിരിച്ചടിയായത്.