തിരുവനന്തപുരം - സംസ്ഥാനത്തെ നിരത്തുകളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ 12 വയസ്സിന് താഴെയുള്ളവരെ എങ്ങനെ ക്യാമറ കണ്ടെത്തുമെന്നതായിരുന്നു ഉയരുന്ന ചോദ്യം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി പിഴയിടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും.