Sorry, you need to enable JavaScript to visit this website.

പരിപാടിയില്‍ മുദ്രാവാക്യവുമായി ഖാലിസ്ഥാനികള്‍; സ്‌നേഹത്തിന്റെ കടയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍

കാലിഫോര്‍ണിയ- വിദ്വേഷത്തിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറന്നവരാണ് കോണ്‍ഗ്രസുകാരെന്ന് വീണ്ടും രാഹുല്‍ ഗാന്ധി. യു. എസ് സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയയിലെ സാന്താക്ലാരയിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മുദ്രാവാക്യം വിളിച്ച ഖാലിസ്ഥാന്‍ അനുകൂലികളോടായിരുന്നു രാഹുല്‍ ഇത്തവണ ഇങ്ങനെ പറഞ്ഞത്. 

സാന്താ ക്ലാരയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ സംഘടിപ്പിച്ച 'മൊഹബത് കി ദുഖാന്‍' പരിപാടിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കവെയായിരുന്നു സംഭവം. ഖാലിസ്ഥാന്‍ പതാകയുമായി മുദ്രാവാക്യം വിളിച്ചവര്‍ക്ക് മറുപടിയായി പുഞ്ചിരിച്ച രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം തടസ്സപ്പെടുത്തിയവരോട് 'സ്വാഗതം, സ്വാഗതം... നഫ്രത് കെ ബസാര്‍ മേ മൊഹബത് കി ദുകാന്‍' (വിദ്വേഷത്തിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ ഒരു കട) എന്നായിരുന്നു പ്രതികരിച്ചത്.
 
കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള രസകരമായ കാര്യം, തങ്ങള്‍ക്ക് എല്ലാവരോടും സ്നേഹമുണ്ട് എന്നതാണെന്നും ആരെങ്കിലും വന്ന് അവര്‍ പറയുന്നത് പരിഗണിക്കാതെ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും തങ്ങള്‍ ദേഷ്യപ്പെടാനും അക്രമാസക്തരാകാനും പോകുന്നില്ലെന്നു പറഞ്ഞ രാഹുല്‍ തങ്ങള്‍ അത് നന്നായി കേള്‍ക്കുകയും അവരോട് വാത്സല്യമുള്ളവരായിരിക്കുമെന്നും അവരെ സ്നേഹിക്കുകയും ചെയ്യുമെന്നും പറഞ്ഞും.  കാരണം അതാണ് നമ്മുടെ സ്വഭാവമെന്നും അദ്ദേഹം വിശദീകരിച്ചു. 

1984ലെ സിഖ് വംശഹത്യയ്‌ക്കെതിരെയാണ് രാഹുലിനെ പരിഹസിച്ചതെന്ന് സംഭവത്തിന്റെ ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ബി. ജെ. പി നേതാവ് അമിത് മാളവ്യ കുറിച്ചു. എന്നാല്‍ മാളവ്യയുടെ പരിഹാസത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന ചോദ്യവും ബി. ജെ. പി നേതാക്കളോട് അവര്‍ ചോദിച്ചു.

കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആളുകള്‍ എങ്ങനെയാണ് ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ചതെന്ന് നിങ്ങള്‍ കണ്ടെത്തുമായിരുന്നുവെന്നും നിങ്ങളും തിരംഗ എടുത്ത് 'ഭാരത് ജോഡോ' എന്ന് പറയുകയെന്നും സുപ്രിയ ശ്രീനിറ്റ് വിശദമാക്കി. അങ്ങനെ ചെയ്താല്‍ നിങ്ങളെപ്പോലൊരു രാജ്യദ്രോഹിക്കും നല്ലത് തോന്നുമെന്നും സുപ്രിയ വിശദമാക്കി.

Latest News