Sorry, you need to enable JavaScript to visit this website.

കതുവ കേസില്‍ പ്രതിയായ ബാലന് 20ലേറെ വയസ്സുണ്ടെന്ന് വൈദ്യ പരിശോധന

പത്താന്‍കോട്ട്- ജമ്മു കശ്മീരിലെ കതുവയില്‍ എട്ടുവയസ്സുകാരിയായ മുസ്ലിം നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എട്ടു പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത ബാലന് 20ലേറെ വയസ്സുണ്ടെന്ന് വൈദ്യ പരിശോധനാ ഫലം. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് നേരത്തെ ജുവനൈല്‍ നിയമ പ്രകാരം വിചാരണ ചെയ്യാനിരുന്ന പ്രതി പര്‍വേശ്‌ കുമാര്‍ എന്ന മന്നുവിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം പത്താന്‍കോട്ട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇന്ന് ഉച്ച തിരിഞ്ഞ് വാദം കേള്‍ക്കല്‍ പുനരാരംഭിക്കും.

ഈ പ്രതിയുടെ പ്രായത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കോടതി ജനുവരിയിലാണ് പ്രായം നിര്‍ണയിക്കാന്‍ വിശദ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി ഇന്നും നാളെയുമായി വാദം കേട്ട ശേഷം അന്തിമ വിധി പറയുമെന്ന് സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.കെ ചോപ്ര പറഞ്ഞു. പ്രതിയുടെ പ്രായം 20നു മുകളിലാണെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനാ ഫലം പറയുന്നുണ്ടെന്നും ചോപ്ര പറഞ്ഞു. പ്രതിയുടെ പ്രായം നിര്‍ണയത്തിന് ക്രൈം ബ്രാഞ്ച് വിവിധ മേഖലകളില്‍ നിന്നുളള ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് പരിശോധന നടന്നത്.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മറ്റ് ഏഴു പ്രതികളുടെ വിചാരണ പത്താന്‍കോട്ട് ജില്ലാ കോടതിയിലാണ് നടന്നു വരുന്നത്. പ്രായപൂര്‍ത്തി എത്താത്ത എട്ടാം പ്രതിയുടെ വിചാരണ കതുവ ജില്ലയിലെ ജുവനൈല്‍ കോടതിയിലുമാണ് നടന്നിരുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ഈ പ്രതിയുടെ വിചാരണയും പത്താന്‍കോട്ട് ജില്ലാ കോടതിയിലേക്ക് മാറ്റിയേക്കും. ഇതു സംബന്ധിച്ച  കോടതി വിധി നാളെ ഉണ്ടാകും.
 

Latest News