തിരുവനന്തപുരം- ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പദവിയില്‍ നിന്നും അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചയുടനെ 2018ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനായി ചുമതലയേറ്റത്.
മംഗലാപുരം എസ്. ഡി. എം. ലോ കോളേജിലെ നിയമപഠനത്തിന് ശേഷം 1981ല്‍ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് 1986ല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഭരണഘടന, കമ്പനി, ലേബര്‍ നിയമങ്ങളില്‍ പതിറ്റാണ്ടുകളുടെ നിയമപരിചയമുളള അദ്ദേഹം 2007ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി.
നിയമലോകത്തെ സൗമ്യ സാന്നിധ്യമെന്നാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയപ്പെടുന്നത്. മാനുഷിക മുഖമുള്ള ഉത്തരവുകളിലൂടെ മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗത്തിനും പൊലീസുകാരുടെ മൂന്നാംമുറയ്ക്കുമെതിരെ അദ്ദേഹം കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ ബന്ധപ്പെട്ടവര്‍ യഥാസമയം നടപ്പിലാക്കുന്നതിന് നിയമവകുപ്പു സെക്രട്ടറി അധ്യക്ഷനായി സര്‍ക്കാര്‍ തലത്തില്‍ നിരീക്ഷണ സമിതി രുപീകരിച്ചത് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ ഫലമായാണ്. മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്ത് മനുഷ്യാവകാശ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന് കഴിഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നല്കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ച് നല്കിയ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി. പൊലീസുകാര്‍ വഴിയില്‍ വാഹനം തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകള്‍ക്ക് നിയന്ത്രണമുണ്ടായതും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടല്‍ വഴിയാണ്.
കാല്‍നട യാത്രക്കാരുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ നിരന്തരം ഇടപെട്ട ന്യായാധിപനാണ് അദ്ദേഹം. ഇടമലക്കുടി, മൂന്നാര്‍, ദേവികുളം, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ പരിതാപകരമായ നിലയില്‍ ജീവിക്കുന്ന വനവാസികള്‍ക്ക് വേണ്ടി അവിടെ സിറ്റിംഗുകള്‍ നടത്തുകയും പരാതികള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അവര്‍ക്കരികിലെത്തി അദ്ദേഹം പരാതികള്‍ സ്വീകരിച്ചു. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ മറ്റൊരു കോളേജിലേക്ക് മാറുമ്പോള്‍ ആദ്യം ചേര്‍ന്നപ്പോള്‍ അടച്ച ഫീസ് തിരികെ നല്‍കില്ലെന്ന ചട്ടം തിരുത്തിയതും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് വഴിയാണ്.
കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്, അംഗം വി. കെ. ബീനാകുമാരി, സെക്രട്ടറി എസ്. എച്ച്. ജയകേശന്‍, കമ്മീഷന് അന്വേഷണ വിഭാഗം തലവന്‍, ഡി. ജി. പി ടോമിന് ജെ തച്ചങ്കരി എന്നിവര്‍ യാത്രയയപ്പു ചടങ്ങില്‍ പ്രസംഗിച്ചു.