ന്യൂദല്‍ഹി- സാരേ ജഹാംസെ അഛാ വിഖ്യാത ഉര്‍ദു കവി മുഹമ്മദ് ഇഖ്ബാലിന്റെ വരികാളാണെങ്കിലും അദ്ദേഹം ഒരിക്കലും ആ വരികളില്‍ വിശ്വസിച്ചയാളല്ലെന്ന് ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ്. പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ഇഖ്ബാലിനെ കുറിച്ചുള്ള അധ്യായം സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ പിന്‍വലിച്ച നടപടി വിവാദമായതിനു പിന്നാലെയാണ് വൈസ് ചാന്‍സലറുടെ പ്രസ്താവന.
കഴിഞ്ഞ 75 വര്‍ഷമായി ഈ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചത് എന്തിനാണെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സാരേ ജഹാംസെ അഛാ എന്ന പ്രശസ്തമായ ഗാനമൊരുക്കിയത് ശരിതന്നെ. പക്ഷേ അദ്ദേഹം ഒരിക്കലും അതില്‍ വിശ്വസിച്ചിരുന്നില്ല-യോഗേഷ് സിംഗ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചപ്പോള്‍ ഇന്ത്യയെ വിഭജിക്കുന്നതിന് അടിത്തറ പാകിയവരെ വാഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന് വൈസ് ചാന്‍സലര്‍ സിംഗ് പറഞ്ഞിരുന്നു. മുസ്ലിം ലീഗിനേയും പാകിസ്ഥാന്‍ പ്രസ്ഥാനത്തേയും പിന്തുണക്കുന്ന ഗാനങ്ങലാണ് ഇഖ്ബാല്‍ എഴുതിയത്. ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ സ്ഥാപിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഇഖ് ബാലാണ്. ഇത്തരം ആളുകളെ കുറിച്ച് പഠിപ്പിക്കുന്നതിനുപകരം നമ്മുടെ ദേശീയ നായകരെ കുറിച്ചാണ് പഠിപ്പിക്കേണ്ടതെന്നും വി.സി പറഞ്ഞു.