ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്‌വി വിമർശിച്ചു.
ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുൽ എടുത്തിരിക്കുന്നത്. രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ അൽ ഖാഇദ പോലുള്ളവയുടെ ചിന്താഗതിയോ അദ്ദേഹത്തിൽ പ്രവേശിക്കും. ഇന്ത്യയിൽ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനിൽനിന്ന് അവയെ ഒഴിപ്പിച്ചുവിടണം. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനിപ്പിച്ചത് ഇന്നും അംഗീകരിക്കാനാവാത്തതാണ് രാഹുലിന്റെ പ്രശ്‌നം. ജനാധിപത്യത്തെ രാഹുൽ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. കോൺഗ്രസ് മുസ്‌ലിംകളെ ച്യൂയിങ്കം പോലെ ഉപയോഗിച്ചു തള്ളുകയാണെന്നും രാഹുലിന്റെ കാലിഫോർണിയയിലെ പ്രസംഗത്തിന് മറുപടിയെന്നോണം മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.